February 7, 2025

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

Share Now

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവ​ദിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും നീണ്ട നാളായി ജയിലിൽ ആണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികായയിരുന്നു അനുശാന്തി.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തീർപ്പാക്കിയിട്ടില്ല. തിരുവനന്തപുരം വനിതാ ജയിലിലാണ് തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അനുശാന്തിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്.

2014 ഏപ്രിലിലാണ് സംഭവം നടന്നത്. മകൾ സ്വാസ്‌തികയും ഭർത്താവിൻ്റെ അമ്മയായ ഓമനയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തിക്കൊപ്പം ജീവിക്കാനാണ് നിനോ മാത്യു കൊലകൾ നടത്തിയത്. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

2016 ഏപ്രിലിൽ പ്രതി നീനോ മാത്യുവിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അനുശാന്തിയ്‌ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഹൈക്കോടതി നിനോ മാത്യുവിൻ്റെ വധശിക്ഷ 25 വർഷം തടവായി കുറച്ചിരുന്നു. അനുശാന്തിയുടെ ശിക്ഷ ഇളവ് ചെയ്തിരുന്നില്ല.5 വർഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
Next post ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ