December 13, 2024

ഈ വർഷം 88,000 ലൈഫ് വീടുകൾകൂടി : മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Share Now


പള്ളിച്ചൽ:ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പള്ളിച്ചലിൽ പറഞ്ഞു. വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി നിർമിച്ച് ഈ സർക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിൽ 12,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചൽ വെടിവച്ചാൻകോവിൽ സ്വദേശി വിദ്യയുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാവർക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ സ്വന്തം വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ പോകുകയാണ്. ലൈഫ് പദ്ധതി രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവർക്കു ഭൂമിയും വീടും നൽകുന്നതും ഇതിന്റെ ഭാഗമായി നടക്കുന്നു. ലൈഫിന്റെ ഭാഗമായി നിർമിക്കുന്ന 36 ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൂർത്തീകരണത്തോടടുക്കകയാണ്. ഇതും ഉടൻ കൈമാറാൻ കഴിയും. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നാം ഉടൻ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന വലിയ ഒരു പദ്ധതിക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും 1000 ജനസംഖ്യയ്ക്ക് അഞ്ചു വീതം തൊഴിൽ നൽകുന്ന പുതിയ പദ്ധതിയും ആസൂത്രണം ചെയ്യുകയാണ്. വാതിൽപ്പടി സേവനം ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ഘട്ടത്തിൽ സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയും വിശിഷ്ടാതിഥികളും കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങളും ചടങ്ങിൽ  കൈമാറി.

ഐ.ബി. സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, വൈസ് പ്രസിഡന്റ് ശശികല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി. വിജയൻ, സി.ആർ. സുനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ടി. മനോജ് കുമാർ, ലത പഞ്ചായത്ത് അംഗങ്ങളായ, എസ്. ശാരിക, പ്രീത, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ ഉദ്‌ഘാടനം
Next post നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും