പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം
നിലക്കടയിൽ നിന്നുണ്ടാക്കുന്ന പീനട്ട് ബട്ടർ ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. പലതരം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് നിലക്കടല. പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് പീനട്ട് ബട്ടർ.
ചപ്പാത്തി, സാൻവിച്ച്, ടോസ്റ്റ് എന്നിവയിൽ സ്പ്രെഡ് ചെയ്യാനാണ് സാധാരണയായി പീനട്ട് ബട്ടർ ഉപയോഗിക്കുന്നത്. മറ്റ് നട്സുകളായ ബദാം, പിസ്ത, കശുവണ്ടി, വാൾനട്ട് എന്നിവയുടെ അത്ര വിലപിടിച്ച ഒന്നല്ല നിലക്കടല, എങ്കിലും ഗുണങ്ങളിൽ മുൻ നിരയിൽ തന്നെയാണ്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, ഫോസ്‌ഫറസ്, സെലീനിയം, കോപ്പർ, അയൺ, സിങ്ക്, തയാമിൻ, റൈബോഫ്ലേവിൻ, പിരിഡോക്സിൻ, പാന്റോതെനിക് ആസിഡ് എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ.
സാച്ചുറേറ്റഡ് ഫാറ്റ് ഇല്ലാത്തതിനാൽ ഇത് പതിവായി ഉപയോഗിക്കാവുന്നതാണ്. പീനട്ട് ബട്ടറിന്റെ ഉപയോഗം മൂലം ഭാരം കൂടുമോ എന്ന പേടി വേണ്ട. നിലക്കടല യഥാർത്ഥത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.
പ്രോട്ടീൻ
പ്രോട്ടീന്റെ കലവറയാണ് പീനട്ട് ബട്ടർ. 100 ഗ്രാം പീനട്ട് ബാറ്റെരിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്.
വൈറ്റമിനുകൾ
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ അനേകം വൈറ്റമിനുകൾ പീനട്ട് ബട്ടറിലുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ സി യും കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന വൈറ്റമിൻ എ യും പീനട്ട് ബട്ടറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ധമനികളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെയും ഫാറ്റി ആസിഡുകളെയും ലയിപ്പിക്കാൻ ആവശ്യമായ മൈക്രോന്യൂട്രിയന്റ് ആയ വൈറ്റമിൻ ഇ യും പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കും
2016 ൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പീനട്ട് ബട്ടറിന് കൊളെസ്ട്രോൾ കുറയ്ക്കാനുള്ള കഴിവുണ്ട്. റെസ്‌വെറാട്രോൾ, ഫിനോലിക് ആസിഡ്, ഫൈറ്റോസ്‌റ്റെറോൾഡ് തുടങ്ങിയ സംയുക്തങ്ങളുടെ കലവറയാണ് പീനട്ട് ബട്ടർ. ഇവ ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയുന്നു. പീനട്ട് ബട്ടറിലടങ്ങിയ കൊഴുപ്പിന്റെ അളവും ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവും തുല്യമാണ്. പോളി അൺസാച്ചുറേറ്റഡ്, മോണോ അൺസാച്ചുറേറ്റഡ് ഫ്‌ളാറ്റുകൾ ഇതിലുണ്ട്. ഇവ പൂരിത കൊഴുപ്പുകൾ അല്ലാത്തതിനാൽ ഹൃദയത്തിനും നല്ലതാണ്. പീനട്ട് ബട്ടറിലടങ്ങിയ അപൂരിത കൊഴുപ്പുകൾ ചീത്ത കൊളെസ്ട്രോൾ കുറയ്ക്കുന്നു.
ടൈപ്പ് 2 പ്രമേഹം തടയുന്നു
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ പീനട്ട് ബട്ടർ സഹായിക്കും. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ആന്റി ഓക്‌സിഡന്റുകൾ
ഫോളേറ്റ്, നിയാസിൻ, പാന്റോതെനിക് ആസിഡ്, പിരിഡോക്സിൻ, റൈബോഫ്ലേവിൻ, തയാമിൻ ഇവയടങ്ങിയതിനാൽ പീനട്ട് ബട്ടറിന് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ആന്റിഓക്സിഡന്റായ റെസ് വെറാട്രോളും പീനട്ട് ബട്ടറിലുണ്ട്. ഗുരുതരരോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫിനോളിക്ക് ആന്റിഓക്സിഡന്റാണ് റെസ് വെറാട്രോൾ.
പൊട്ടാസിയം
നൂറ് ഗ്രാം പീനട്ട് ബട്ടറിൽ 70 മി.ഗ്രാം പൊട്ടാസിയം ഉണ്ട്. ശരീരത്തിലെ ഇലെക്ട്രോലൈറ്റായും ഫ്ലൂയിഡ് ബാലൻസിങ്ങിനും ഇത് സഹായിക്കും. ഹൃദയാരോഗ്യം നൽകുന്ന പൊട്ടാസിയം ധാരാളം പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട്.
ഭക്ഷ്യനാരുകൾ
നിലക്കടലയിലും പീനട്ട് ബാറ്ററിലും ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. 125 ഗ്രാം പീനട്ടിൽ 12 ഗ്രാമും ഒരു കപ്പ് പീനട്ട് ബട്ടറിൽ 20 ഗ്രാം ഭക്ഷ്യനാരും ഉണ്ട്. നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു ഘടകമാണ് ഭക്ഷ്യനാരുകൾ. ഭക്ഷ്യനാരിന്റെ അഭാവം മലബന്ധം, പ്രമേഹം, കൊളെസ്ട്രോൾ, വിവിധ ഹൃദ്രോഗങ്ങളിലേക്ക് നയിക്കും. അതിനാൽ ഭക്ഷ്യ നാരുകൾ അടങ്ങിയ പീനട്ട് ബട്ടർ ഈ ആരോഗ്യ പ്രശ്നങ്ങളെയെല്ലാം തടയും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
പീനട്ട് ബട്ടറിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിൽ ഏതാണ്ട് 170 മി.ഗ്രാം എന്ന തോതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ദിവസം ആവശ്യമുള്ളതിന്റെ 42 ശതമാനം വരും. പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കുന്നു.