ഹോം സന്തോഷം തരുന്ന നൊമ്പരമാണ് …..ഇത്തിരി സുഖമുള്ളൊരു നൊമ്പരം
ഹോം സന്തോഷം തരുന്ന നൊമ്പരമാണ് …..ഇത്തിരി സുഖമുള്ളൊരു
”ചില സിനിമകൾ അങ്ങനെയാണ് അത് നമ്മളെ ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്ന അനുഭൂതിയാക്കി മാറ്റും….. സിനിമയെ കുറിച്ചെന്തെങ്കിലും ആധികാരികമായി പറയാനാവാത്ത ഒരാളാണ്. കുഞ്ഞന്റെ സിനിമാ നിരൂപണമൊക്കെ കണ്ട് പകച്ചുനിൽക്കുന്നൊരഛൻ ….. ഒരു സിനിമയുടെയും അംബാസിഡറാകാനുമില്ല.ഒരു കാട്ടാക്കടകാരൻ സംവിധാനം ചെയ്തകാട്ടാക്കടക്കാരുടെ കൂടെകഥ പറയുന്ന സിനിമയായത് കൊണ്ടുമല്ല…..ഒരുപാട് നാളുകൾക്ക് ശേഷം കണ്ട ഒരു സിനിമ ….ക്ലൈമാക്സ് കണ്ട് മനസൊന്നു വിതുമ്പി…..ഒപ്പം ചെറുതായി കണ്ണ് നിറഞ്ഞോയെന്നൊരു……”
ഈ വരികൾ കാട്ടാക്കട നിയോജകമണ്ഡലം എം എൽ എ ഐ ബി സതീഷിന്റേതാണ്. ഒലിവർട്വിസ്റ്റായി ഇന്ദ്രൻസിന്റെ പകർന്നാട്ടം കാണാനിടയായ ആസ്വദിച്ചിരുന്നുപോയ അനുഭവം അദ്ദേഹം ഫേസ് ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തുടർന്ന് വായിക്കാം അദ്ദേഹത്തിന്റെ വരികൾ
ഹൃദ്യമായിരുന്നു ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം ആയിട്ടുള്ള ഇന്ദ്രൻസിൻ്റെ പകർന്നാട്ടം. വീട്ടിൽ ടി വി സ്ക്രീനിൽ ആമസോൺ പ്രൈമിലൂടെ കുഞ്ഞനും തുമ്പിയും കാണിച്ചു തന്ന Home എന്ന സിനിമ….നമ്മൾ നടന്നവഴികളിൽ നമുക്കും മുൻപേ നടന്നവരുടെ കാൽപാടുകൾ ഉണ്ടായിരുന്നുവെന്നും ആ കാലുകൾ കണ്ട ലോകമൊന്നും നാം താണ്ടിയിട്ടില്ലെന്നും നമ്മെ ഓർമ്മപ്പെടുത്തുകയാണ് ഈ സിനിമ. നാലുചുവരുകളിലെ സ്മാർട്ട്ഫോൺ-ഐ പോഡ് ഗരിമയിൽ നാം നിഷ്കളങ്കമായി അവഗണിച്ചവരുടെ പ്രതിനിധിയായി ഇന്ദ്രൻസ് പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തുന്നു. സിനിമയുടെ ഒടുവിൽ ഇന്ദ്രൻസിന്റെ ഒലിവർ ചിരിയ്ക്കുന്ന ഒരു ചിരിയുണ്ട് …..ഇത്രയും സുന്ദരവും ഭാവത്മകവുമായ ഒരു ചിരി ഇതുവരെ കണ്ടിട്ടുണ്ടാകില്ല….. സത്യത്തിൽ ഈ സിനിമ കണ്ടുകഴിയുമ്പോൾ ഒരു വട്ടമെങ്കിലും അത്തരം ആ ചിരി നമുക്കൊപ്പം ഇറങ്ങിപ്പോരുകയും വീട്ടിലെ ഒറ്റമുറിയിൽ ഗതകാലം കണ്ടു ജനൽ നോക്കിയിരിക്കുന്ന മുത്തച്ഛന്റെയും, ഡൈനിങ് ടേബിളിൽ മൂടിവച്ച പ്ളേറ്റുകൾക്ക് കാവലിരിക്കുന്ന അമ്മയിലും പിന്നെ ഒന്നും കാണുന്നില്ലെന്ന മട്ടിൽ മുറ്റത്തെ കസേരയിൽ കടലാസ്സിൽ മുഖം മൂടിവച്ചിരിയ്ക്കുന്ന അച്ഛനിലും ഇന്ദ്രൻസിന്റെ ഒലിവറിൽ കണ്ട അതേ സ്നേഹപുഞ്ചിരി നിങ്ങൾ കണ്ടെടുക്കുക തന്നെ ചെയ്യും.”മക്കൾ തന്നോളമായാൽ ” എന്ന സൂത്രവാക്യത്തിൽ ബന്ധം മുറിയുന്ന പഴയകാലത്തിലല്ലെങ്കിലും ഇപ്പോഴും അച്ഛൻ മകൻ ബന്ധങ്ങൾ കൂട്ടിയോജിക്കപ്പെടുന്നത് അമ്മമാരുടെ വഴക്കുപറച്ചിലുകളിലും തിരുത്തലുകളിലൂടെയുമാണ്.
അച്ഛനെയറിയാൻ ഏറ്റവും എളുപ്പവഴി അമ്മയിലൂടെയുള്ള യാത്ര തന്നെയാണ്. മഞ്ജുപിള്ള ചെയ്ത കുട്ടിയമ്മ അത്തരം കൂട്ടിക്കെട്ടൽ സാധ്യമാക്കുന്ന അമ്മവേഷം തന്മയത്തോടെ കൈകാര്യം ചെയ്ത് ഇന്ദ്രൻസിന്റെ കഥപ്രാത്രത്തിനൊപ്പം നിൽക്കുന്നുമുണ്ട്.തന്റെയൊക്കെ യൗവനത്തിൽ വലിയസംഭവങ്ങളൊക്കെയായിരുന്ന ചിലത് ഇപ്പോൾ അവഗണിക്കപ്പെടുമ്പോൾ അയാൾ എന്തുമാത്രം വേദനിച്ചിരിക്കും എന്നതിനുള്ള ഉത്തരം കൈനകരി ചന്ദ്രന്റെ മുത്തച്ഛൻ കഥാപാത്രം തരുന്നു. ചിത്രകാരിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ സ്വന്തം വീട്ടിൽ എന്നും ഉദ്ധരിച്ചുകൊണ്ടിരിക്കുന്ന വിഖ്യാത എഴുത്തുകാരുടെ വാചകങ്ങളിൽ ഒന്ന് യാന്ത്രികമായി പറയുമ്പോൾ അത് തിരിച്ചറിഞ്ഞു മറുപടി കിട്ടുന്ന നിമിഷം അയാളുടെ മുഖത്തും നേരത്തെ ഇന്ദ്രൻസിന്റെ ഒലിവറിൽ കണ്ട അതേ ചിരി തെളിമയോടെ വിടരുന്ന കാഴ്ചയ്ക്കൊരു സുഖമുണ്ട്.റോജിൻ തന്റെ ഫിലിപ്പ് ആൻഡ് മങ്കിപ്പെൻ സിനിമയിൽ അച്ഛനെയും മകനെയും രണ്ടിടത്തു നിർത്തിയപ്പോൾ ഹോമിൽ ഒരേ പരിസരത്തു നിർത്തികൊണ്ട് സ്നേഹബന്ധം പറയുന്നുവെന്നു മാത്രം.കണ്ടുതീർന്ന നിമിഷം മുതൽ ഒരു മായാത്ത പുഞ്ചിരിയുമായി മനസ്സിൽ ഇങ്ങനെ വിടാതെ കൂടിയിരിക്കുകയാണ് ഒലിവർ ട്വിസ്റ്റ്. സ്വന്തം ജീവിതം ഒരു പകുതി പേജിൽ എഴുതി തീർക്കാനുള്ളതല്ലേ ഉള്ളൂ എന്ന മകനായ ആന്റണി ചോദിക്കുമ്പോൾ ഉലഞ്ഞുപോയ ഹൃദയവുമായിഗേറ്റിനടുത്ത് പോയി നിൽക്കുന്ന ഒലിവർ……കൈചലിപ്പിക്കുമ്പോൾ എന്താണ് പറയുന്നത്…….എന്തൊരു രംഗമാണത്! ജീവിതത്തിലെ പല സുഖങ്ങളും മക്കൾക്ക് വേണ്ടി ഉപേക്ഷിക്കുന്നവരാണ് മാതാപിതാക്കൾ(അതൊരു ശരിയാണെന്ന് അഭിപ്രായമില്ല. എങ്കിലും അല്പം ഉറക്കം എങ്കിലും ത്യജിക്കാതെ ഒരു പേരെന്റിങ്ങും പൂർണമാകുന്നില്ലല്ലോ!) അവരുടെ ആഗ്രഹങ്ങൾ നടത്താൻ സ്വന്തം ആഗ്രഹങ്ങൾ കുഴിച്ചു മൂടുന്നവരാണ് രക്ഷകർത്താക്കൾ. ഒടുവിൽ ആ മകളിൽ നിന്നുതന്നെ നിങ്ങൾ ഈ ജീവിതത്തിൽ എന്ത് നേടി എന്ന ചോദ്യം കേൾക്കേണ്ടി വരുന്നത് എത്ര വേദനാജനകമാണ്! നമ്മുടെ ജീവിതമാണ് അവരുടെ വിജയം എന്ന് അവർ ഒരിക്കലും പറയില്ല. നമ്മളെ പിച്ച വയ്ക്കാൻ പഠിപ്പിച്ചവരെ പുതിയ കാലത്തിന്റെ സാങ്കേതികതകളിലേക്ക് പിച്ച വയ്പ്പിക്കാൻ നമുക്കും സാധിക്കും. അവർ പഴഞ്ചന്മാർ എന്ന് തള്ളിക്കളയാതെ അവരോട് അല്പം പരിഗണന ഉള്ളവരാകാം ….. ആ ഫോണിനോടുള്ള സ്നേഹത്തിന്റെ നൂറിൽ ഒരംശം സ്നേഹം മതിയല്ലോ അവർക്ക്. നമ്മളൊന്നും ആകാശത്തിൽ നിന്ന് പൊട്ടിവീണ് മുളച്ചവരല്ല എന്നോർത്താൽ ജനറേഷൻ ഗ്യാപ് ഒക്കെ നമുക്ക് സുഖമായി പൊളിക്കാനാവുംഅങ്ങനെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും തീർച്ചയായും സംവിധായകന്റെ സാമൂഹിക പരിസരത്തിലെ വ്യക്തികൾ തന്നെ…
വല്ലപ്പോഴും സംഭവിക്കുന്ന ഒരു അത്ഭുമാണ് Home..ഒരു സിനിമ കാണുമ്പോൾ കേവലമായി അതൊരു കലാരൂപത്തിന്റെ അപ്പുറത്തേക്ക് ഓരോ വ്യക്തിയെയും സ്വയം മനസിലാക്കുവാനുള്ള ടെസ്റ്റിംഗ് ടൂൾ കൂടിയാണ്.ഹോമിൽ നിങ്ങൾ ആരാണ് എന്നതാണ്?സ്വയം തിരുത്തുവാനുള്ള ഒരുപാട് അവസരങ്ങളുടെ സാധ്യത കൂടി ഹോം മുന്നോട്ടുവെയ്ക്കുന്നുണ്ട്…നസ്ലിൻ അവതരിപ്പിച്ച ചാൾസ് ആയിരിക്കണം എന്റെ വീട്ടിൽ വളരുന്ന രണ്ടുപേർ… കുഞ്ഞനും തുമ്പിയും ……ഇമോഷണൽ അത്യാചാറുകൾ ഇനിയുംആവർത്തിക്കുമെന്ന് സാരം…ധൈര്യമായി കണ്ടോളൂ…സകുടുംബം തന്നെ….പണ്ടെങ്ങോ അജന്താ തീയറ്ററിൽ ട്രാജഡിയിലൊടുങ്ങിയ നെടുമുടിയുടെ സേവിയർ, വിട പറയുന്ന നേരത്തിലൂടെ സൃഷ്ടിച്ചത് വേദനിപ്പിക്കുന്നൊരു നീറ്റലെങ്കിൽ ….. ഹോം സന്തോഷം തരുന്ന നൊമ്പരമാണ് …..ഇത്തിരി സുഖമുള്ളൊരു നൊമ്പരം …..ശുഭരാത്രി …..ഐ.ബി സതീഷ്