യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍; പ്രതിക്കെതിരെ കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാന്‍ തയാറാകാതെ പൊലീസ്. കാട്ടാക്കട സ്വദേശിയായ വീട്ടമ്മക്കാണ് പൊലീസ് നീതി നിഷേധിച്ചത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സിഐ പരാതി ‘ഒത്തുതീര്‍പ്പാക്കി കൂടെ ‘ എന്നാണത്രേ ചോദിച്ചത്. തുടര്‍ന്ന് യുവതി ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്;
ഇന്ത്യയില്‍ നിരോധിച്ചതും ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതുമായ അശ്ലീല വെബ്‌സൈറ്റില്‍ യുവതിയുടെ ഫോട്ടോയും വയസും ഫോണ്‍ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി കേട്ടാല്‍ അറയ്ക്കുന്ന അശ്ലീല പദങ്ങള്‍ എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത ദിവസം മുതല്‍ പല രാജ്യങ്ങളില്‍നിന്നും യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകള്‍ വന്നു. ആദ്യം നമ്പര്‍ തെറ്റി വന്നതാകാമെന്ന് കരുതി കുറെയധികം നമ്പറുകള്‍ യുവതി ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുകയും ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയും ചെയ്തു.
ജനുവരി 31ന് സൈബര്‍ പോലീസിലും ഫെബ്രുവരി ഒന്നാം തീയതി കാട്ടാക്കട പോലീസിലും ഇതു സംബന്ധിച്ച് യുവതി പരാതി നല്‍കി. താന്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയ അവസരത്തില്‍ എട്ടുപേര്‍ ചേര്‍ന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നാണ് തന്റെ ചിത്രം ക്രോപ്പ് ചെയ്ത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും ഇതിലുള്ള മറ്റ് ഏഴ് പേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പോലീസിനോട് ആവശ്യപ്പെട്ടു. മാത്രമല്ല ഇക്കൂട്ടത്തില്‍ ഒരാളെ താന്‍ സംശയിക്കുന്നതായി പോലീസിനോട് പറയുകയും അയാളുടെ പേരും ഫോണ്‍ നമ്പറും നല്‍കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ സൈബര്‍ കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടിട്ടും ഒന്നാം തീയതി നല്‍കിയ പരാതിയില്‍ ആറാം തീയതിയാണ് പ്രതിയെ പോലീസ് വിളിച്ചുവരുത്താന്‍ പോലും തയ്യാറായത്. ഇതിനിടെ പ്രതിയും കുടുംബാംഗങ്ങളും യുവതിയുടെ വീട്ടിലെത്തി കുറ്റസമ്മതം നടത്തുകയും മാപ്പ് നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തതായി യുവതിയും ബന്ധുക്കളും പറയുന്നു. ഇക്കാര്യവും കാട്ടാക്കട സി.ഐയെ അറിയിച്ചു. എന്നാല്‍ പ്രതിയെന്ന സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിന് പകരം കാട്ടാക്കട സി.ഐ ചെയ്തതാകട്ടെ കേസ് ഒത്തുതീര്‍ത്തു പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് വഴങ്ങാതിരുന്ന യുവതി ആറാം തീയതി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റൂറല്‍ എസ്.പി ഓഫീസില്‍ ഫയല്‍ ചെയ്ത കേസ് അന്വേഷണത്തിനായി കാട്ടാക്കട പോലീസിന് നല്‍കിയിട്ടുണ്ട്.
പ്രതി കുറ്റസമ്മതം നടത്തിയിട്ടും കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച കാട്ടാക്കട സി.ഐക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ അറിയിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും വിവിധ തലങ്ങളില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നതിനിടെയാണ് ഐ.ടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം ഒത്തുതീര്‍ക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാരിയെ നിര്‍ബന്ധിച്ചതായി പരാതി ഉയരുന്നത്. അതേസമയം കേസ് ഒത്തുതീര്‍ക്കാന്‍ താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് പറഞ്ഞ കാട്ടാക്കട സി.ഐ, കേസെടുക്കാന്‍ തയാറാകാത്തതിനെ കുറിച്ച് പ്രതികരിച്ചില്ല.