തോക്കു ചൂണ്ടി കവർച്ച രേഖാ ചിത്രം തയാറായി.
കാട്ടാക്കട:കാട്ടാക്കടയിൽ തോക്ക് ചൂണ്ടി ബധിരയും മൂകയുമായ വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി പൊലീസ് പ്രതിയുടെ രേഖാ ചിത്രം തയാറാക്കി.സംഭവദിവസം രാവിലെ കവർച്ച നടന്ന വീട്ടിൽ താമസക്കാരനായ രതീഷിന്റെ പേര് പറഞ്ഞു വീട് അന്വേഷിച്ചു എത്തിയ ആളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ വഴിചോദിച്ച വീടുടമയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു ഇവരിൽ നിന്നാണ് ഏകദേശ രൂപം ഇപ്പോൾ തയാറാക്കിയിരിക്കുന്നത്.ഇന്നി ഇതു വീട്ടുകാരെ കാണിച്ചു ആളെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് നടത്തുന്നു.ഒപ്പം രേഖ ചിത്രം പുറത്തു വിട്ടു ആളെ കണ്ടെത്താനും ശ്രമിക്കുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷിന്റെ ഭാര്യാ മാതാവും ബധിരയും മൂകയുമായ കുമാരി (56)യെ മർദ്ദിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കമ്മൽ കള്ളൻ ഊരി വാങ്ങി കടന്നുകളയികയുമായിരുന്നു. സംഭവത്തിന് ശേഷം കാട്ടാക്കട പൊലീസ് സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപികയുടെ സഹായത്തോടെ കുമാരിയിൽ നിന്നും മൊഴിയെടുത്തിരുന്നു.മുഖമൂടിയും കൈയുറയും ധരിച്ച കള്ളൻ തോക്ക് ചൂണ്ടി തന്നെ ആക്രമിച്ചു കമ്മലുമായി കടന്നു എന്നാണ് കുമാരിയുടെ മൊഴി. എന്നാൽ
കറുത്ത കൈയുറ തോക്ക് പോലെ ചൂണ്ടിയതാകാമെന്ന് പൊലീസ് പറയുമ്പോൾ തന്റെയടുത്തുവന്ന മോഷ്ടാവിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നതായി കുമാരി ഉറപ്പിച്ച് പറയുന്നു.ജില്ലയിൽ ഇത്തരത്തിൽ ഒരു ആക്രമണവും മോഷണവും കണ്ടു പരിചയമില്ലാത്ത പോലീസ് സ്ഥിരം കള്ളന്മാരുടെ പട്ടികയിലും രീതിയിലും പെടാത്ത കേസ് എന്ന നിലക്കും ആകെ വെട്ടിലായി.പതിവ് രീതികളിൽ നിന്നും വ്യത്യസ്ഥമായി പകൽ സമയം മുഖമൂടി ധരിച്ച് വീടുകയറി ആക്രമണം നടത്തിയ രീതിയാണ് പൊലീസിനെ വെട്ടിലാക്കിയത്.വീട്ടുകാരെ പരിചയമുള്ള ആളോ പ്രദേശത്തുള്ള ആളോ ആകാമെന്ന സംശയം പോലീസ് മുന്നോട്ടു അന്വേഷണം നീക്കി. . കാട്ടാക്കട ഡി.വൈ.എസ്.പി കെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഷാഡോ ടീമും മോഷ്ടാവിന്റെ പിന്നാലെയുണ്ട്.