
തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട പാറ ക്വറിയിൽ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തു
. ഒരാൾ പിടിയിൽ
തിരുവനന്തപുരം ജില്ലയിൽ അന്തിയൂർക്കോണം മൂങ്ങോട് നിന്നും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 60 കിലോ കഞ്ചാവ് പിടികൂടി . മൂങ്ങോട് സ്വദേശി അനൂപിനെയാണ് സംഘം കസ്റ്റഡിയിൽ എടുക്കുകയും, മൂങ്ങോട് ഭാഗത്തുള്ള പ്രവർത്തന രഹിതമായ പാറ കോറിയിൽ ഒളിപ്പിച്ചിരുന്ന 60 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒന്നാം തീയതി പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ നിന്നും 187 കിലോ കഞ്ചാവ് കണ്ടെടുക്കുകയും അനീഷ് ഇയാളുടെ കൂട്ടാളി സജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്ജിതപ്പെടുത്തുകയും ചെയ്തിരുന്നു. അനീഷ് ആന്ദ്രയിൽ തുണി എന്ന സ്ഥലത്ത് താമസിച്ചു കൊണ്ട് വി ആർ എൽ പാർസൽ കൊറിയർ വഴി കഞ്ചാവ് കരമനയിൽ എത്തിച്ചു ഇവിടെ നിന്നും നാലുപേർ ഓട്ടോറിക്ഷയിൽ കടത്തിയിരുന്നതായി സി സി റ്റി വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അനു എന്ന അനൂപിനെ സംഘം പിടികൂടുകയും പാർസൽ സർവിസ് കേന്ദ്രത്തിൽ നിന്നും അനൂപ് ആണ് കഞ്ചാവ് പാക്കറ്റുകൾ അനീഷിന്റെ വീട്ടിൽ എത്തിച്ചത് എന്നു മൊഴി നൽകുകയും ക്വറിയിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുള്ളത് വെളിപ്പെടുത്തുകയും ചെയ്തതായി എക്സൈസ് പറഞ്ഞു.തുടർന്നുള്ള പരിശോധനയിലാണ് ഇവിടെ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തത്.
എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും, നെയ്യാറ്റിൻകര എക്സൈസ് സർക്കിളും സംഘവുമാണ് പേയാട് പിറയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. തുടർ അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് തലവൻ ആർ. രാജേഷും സംഘവുമാണ് ചൊവാഴ്ച്ച രാത്രിയോടെ കഞ്ചാവ് കണ്ടെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതുവരെ 250 കിലോയോളം കഞ്ചാവ് ഈ കേസുമായി കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വിനോദ് കുമാർ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് തലവൻ ആർ രാജേഷ് സർക്കിൾ ഇൻസ്‌പെക്ടർ പ്രദീപ് റാവു എക്‌സൈസ് ഇൻസ്‌പെക്ടർ ആദർശ്, അജയകുമാർ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നജിമുദീൻ, ശിവൻ എന്നിവരും നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടറും കാട്ടാക്കട എക്‌സൈസ് റേഞ്ച് സംഘവും പരിശോധനയിൽ പങ്കെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.