26 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ആര്യനാട് : വസ്തു ഇടപാടിനായി കൊണ്ട് വന്ന 26 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടുപേർ കൂടി അറസ്റ്റിലായി .കാട്ടാക്കട കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പത്താം പ്രതി ബാലരാമപുരം തുമ്പോട് ആരോൺ സദനത്തിൽ സൂസൻ എന്ന സാമും,പതിനൊന്നാം പ്രതി മാറനല്ലൂർ ചീനിവിള എൽ ആർ ഭവനിൽ രാഹുലും ആണ് അറസ്റ്റിൽ ആയത്. ഇതോടെ ഈ കേസ്സിൽ ഏഴു പ്രതികൾ അറസ്റ്റിലായി. ഒരു മാസം മുൻപാണ് വസ്തു കച്ചവടത്തിന് എന്ന വ്യാജേന വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനെ വിളിച്ചു വരുത്തി ഇയാളിൽ നിന്നും എട്ടോളം പേർ അടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തത് .ഇടപാടിന് മുൻകൂർ ആയി ആറു ലക്ഷവും ഇവർ കൈപറ്റിയിരുന്നു.
നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വിൽപനയ്ക്കുണ്ടെന്ന വ്യാജേന ആണ് സുധീർ ജനാർദ്ദനനെയും ഇടനിലക്കാരനായ ഷിജു ഗോപനെയും ആര്യനാട് പുളിമൂട്ടിൽ ഉള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്നു ഇവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവർന്നുകൊണ്ട് കാറിലും ബൈക്കിലുമായി രക്ഷപ്പെട്ടു. ആര്യനാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയ്ക്കകം കല്ലുപാലം സ്വദേശിയായ അഖിൽജിത്തിനെയും, പുളിമൂട് സ്വദേശിയായ ശ്രുതിയെയും, പുളിമൂട് സ്വദേശിയായ ശ്രീലാലിനെയും കുളപ്പട സ്വദേശി ഷിജിനിനെയും കോട്ടക്കകം സ്വദേശി ലുട്ടാപ്പി അനീഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചും ടവർ ലോക്കഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാം സൂസനും രാഹുലും അറസ്റ്റിലായത്. കാട്ടാക്കട ഡി വൈ എസ് പി പ്രശാന്തിന്റെ നേതൃത്വത്തിൽ ആര്യനാട് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എൽ ആർ ജോസ്സും, പോലീസുകാരും ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.