September 7, 2024

പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന;

Share Now


അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്ക് നിർദ്ദേശം

നവംബര്‍ ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ പൂര്‍ണ്ണമായി ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ സന്ദര്‍ശനം. ജനങ്ങള്‍ക്ക് താമസിക്കാന്‍‍ കഴിയുന്ന തരത്തില്‍ റസ്റ്റ് ഹൗസുകളെ സജ്ജമാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലായോ എന്ന് പരിശോധിക്കാനാണ് മന്ത്രി തലസ്ഥാനത്തെ റസ്റ്റ് ഹൗസില്‍ പരിശോധനക്ക് എത്തിയത്. റസ്റ്റ് ഹൗസുകളുടേയും റൂമുകളുടേയും പരിസരങ്ങളുടേയും വൃത്തി, അടുക്കള സൗകര്യം എന്നിവ വിശദമായി മന്ത്രി നോക്കികണ്ടു.

റസ്റ്റ് ഹൗസിലെ സാഹചര്യത്തില്‍ മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാത്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി സന്ദര്‍ശന സ്ഥലത്തു വച്ചു തന്നെ ബില്‍ഡിംഗ് ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് ഒരു നിലയിലും പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന പ്രവണത അല്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി .

പരിശോധനക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചതിന്‍റ പൂര്‍ണ്ണരൂപം

“ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസുകളില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാന്‍ പോവുകയാണ്. എല്ലാവരുടേയും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനങ്ങളുടേയും പിന്തുണയോടെയാണ് ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നത്. അതിനു മുന്നോടിയായി ശുചിത്വം ഉറപ്പു വരുത്താന്‍ നേരത്തെ തന്നെ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. എല്ലാ സ്ഥലവും പരിശോധിച്ചു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇവിടുത്തെ കാര്യങ്ങള്‍. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ, സി ഇ ( ചീഫ് എഞ്ചിനിയര്‍ ) നടപടി സ്വീകരിക്കും. ഒരു നിലയിലും പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന പ്രവണത അല്ല ഇത്. അതു കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് മുന്നോട്ടു പോകും. ഇങ്ങനെ ഒക്കെ പോയാല്‍ മതി എന്ന് ആരെങ്കിലും കരുതിയാല്‍, ഇങ്ങനെ ഒന്നും അല്ല പോകാന്‍ പോകുന്നത്. അത് ഏത് ഉദ്യോഗസ്ഥനായാലും. തെറ്റായ രീതിയില്‍ ചിന്തിക്കുന്നവര്‍ അങ്ങനെ കരുതി സര്‍ക്കാര്‍ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാത്രമല്ല അതിനെ വച്ചു പൊറുപ്പിക്കുകയും ഇല്ല. ശക്തമായ നിലപാട് എടുക്കും.

ശുചിത്വം ഉറപ്പു വരുത്താന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ തെറ്റായ പ്രചരണം നടത്തി സര്‍ക്കാര്‍ എടുക്കുന്ന നല്ല സമീപനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതി ഒരിക്കലും അംഗീകരിക്കില്ല. “

Leave a Reply

Your email address will not be published. Required fields are marked *

Previous post മൺ ചിരാതിൽ അക്ഷരദീപം തെളിച്ച് അഗസ്ത്യ കൂട താഴ്‌വരയിൽ പഠനോത്സവം.
Next post പോഷണം ആഹാരത്തിലൂടെ ജീവനം ആയുർവേദത്തിലൂടെ

This article is owned by the Rajas Talkies and copying without permission is prohibited.