ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശനം
റിയാദ്: പതിനേഴ് മാസത്തിന് ശേഷം ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനം നൽകാൻ സഊദി തീരുമാനം. ആഗസ്റ്റ് ഒന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭ്യമാക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും വിസ നൽകുക. കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും നിർവഹിച്ചവർക്കാണ് എടുത്തവർക്കാകും വിസ ഇഷ്യൂ ചെയ്യുന്നത്. സഊദി അംഗീകരിച്ച ഫൈസർ , ആസ്ട്ര സെനിക്ക , ജോൺസൺ ആൻഡ് ജോൺസൺ , മോഡേണ തുടങ്ങിയ വാക്സിനുകൾ എടുത്തവർക്കാണ് പ്രവേശനം . ഇവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വറന്റൈൻ ആവശ്യമില്ല.
വാക്സിനേഷന് പുറമെ പ്രവേശന സമയത്ത് വാക്സിനേഷൻ ഒറിജിനൽ സർട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പി സി ആർ സർട്ടിഫിക്കറ്റും ഹാജരാക്കണം. ടൂറിസം വിസക്കാർ പാസ്പോർട്ട് വിഭാഗത്തിന് കീഴിലെ മുഖീമിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വേണം. ഈ വിവരങ്ങൾ ഉൾകൊള്ളുന്ന ഡാറ്റ ഇവരുടെ തവക്കൽനയിൽ അപ്ഡേറ്റ് ആകുകയും ചെയ്യും. പിന്നീട് ഓരോ ടൂറിസം കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും ഇവർക്ക് തവക്കൽന സ്റ്റാറ്റസ് പരിഗണിച്ചു പ്രവേശനം സാധ്യമാകുമെന്നും സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു.
സഊദി അനുമതി നൽകിയ വാക്സിൻ സ്വീകരിച്ചവരായിരിക്കണം ടൂറിസ്റ്റ് വിസക്ക് അപേക്ഷ നൽകിയവർ. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി ടൂറിസ്റ്റ് വിസകൾ ഇഷ്യൂ ചെയ്യുന്നത് താൽകാലികമായി നിർത്തി വെച്ചിരുന്നു. അതെ സമയം ഇപ്പോൾ യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലുള്ളവർക്ക് ടൂറിസ്റ്റ് വിസ നൽകുന്നതിനെ കുറിച്ച് വ്യക്തതയില്ല.