September 16, 2024

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Share Now

രോഗികളുടെ കൈയ്യില്‍ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയുന്നു

‘അനുഭവ് സദസ്’ ദേശീയ ശില്‍പശാല രാജ്യത്തിന് മാതൃക

തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗജന്യ ചികിത്സാ പദ്ധതികളിലൂടെ രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയ്യില്‍ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാരിനാകുന്നു. ഓരോ വര്‍ഷവും വളരെയധികം പേര്‍ക്കാണ് അധികമായി സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. 2019-20ല്‍ 5 ലക്ഷത്തില്‍ താഴെയായിരുന്നെങ്കില്‍ 2022-23ല്‍ 6.45 ലക്ഷത്തോളം പേര്‍ക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ദേശീയ തലത്തില്‍ പിഎം-ജെവൈയുടെ ബജറ്റ് ചെലവ് 3116 കോടി രൂപയായിരുന്നെങ്കില്‍ അതേ വര്‍ഷം കേരള സര്‍ക്കാര്‍ 1563 കോടി രൂപയുടെ സൗജന്യ ചികിത്സാ ധനസഹായമാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളത്തിന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് നിലവിലുള്ള സ്‌കീമുകള്‍ സംയോജിപ്പിച്ച് കൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. കേന്ദ്ര പിന്തുണയുള്ളതും പൂര്‍ണമായും സംസ്ഥാന ധനസഹായമുള്ളതുമായ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്. കാസ്പില്‍ ഉള്‍പ്പെടാത്ത 3 ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളുടെ ചികിത്സാ ചെലവുകള്‍ക്കായി കാരുണ്യ ബെനവലന്റ് ഫണ്ടും സംസ്ഥാനത്തുണ്ട്. നിലവില്‍ കാസ്പിന് കീഴില്‍ വരുന്ന 42 ലക്ഷം ഗുണഭോക്താക്കളില്‍ 20 ലക്ഷത്തിലധികം പേര്‍ പൂര്‍ണമായും സംസ്ഥാന ധനസഹായമുള്ളവരാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നല്‍കാനായി. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണ്.

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യ കിരണം പദ്ധതി കാസ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ക്യാന്‍സര്‍ സുരക്ഷാ സ്‌കീം, താലോലം, ശ്രുതിതരംഗം എന്നീ പദ്ധതികള്‍ കാസ്പില്‍ സംയോജിപ്പിക്കുന്നത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകും. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നല്‍കുന്ന ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 5863 കുട്ടികള്‍ക്കും 2023-ല്‍ മാത്രം 412 കുട്ടികള്‍ക്കും സേവനം ലഭ്യമാക്കി. എല്ലാവര്‍ക്കും പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി ത്രീഡി പ്രിന്റ് ചെയ്ത ബ്രെയില്‍ ബെനിഫിഷറി കാര്‍ഡ് പുറത്തിറക്കി. ആശുപത്രികളില്‍ യൂണിഫോം കിയോസ്‌ക് അവതരിപ്പിച്ച ആദ്യ സംസ്ഥാനം കൂടിയാണ് കേരളമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ ധനസഹായ രംഗത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘അനുഭവ് സദസ്’ ശില്‍പശാല രാജ്യത്തിന് മാതൃകയാണ്. ആരോഗ്യ ധനസഹായവുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനം സംഘടിപ്പിച്ച രാജ്യത്തെ ആദ്യ പരിപാടിയാണ് അനുഭവ് സദസ്. പത്തോളം സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, ലോകാരോഗ്യ സംഘടന, നീതി ആയോഗ് തുടങ്ങിയവയുടെ വിദഗ്ധരും പങ്കെടുത്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ഇ ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ അനു കുമാരി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചു
Next post ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം

This article is owned by the Rajas Talkies and copying without permission is prohibited.