മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചു
തിരുവനന്തപുരം : ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ പദവിയിൽ നിന്നും 5 വർഷത്തെ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചയുടനെ 2018 ലാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റത്.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകൾ ബന്ധപ്പെട്ടവർ യഥാസമയം നടപ്പിലാക്കുന്നതിന് നിയമവകുപ്പു .സെക്രട്ടറി അധ്യക്ഷനായി സർക്കാർ തലത്തിൽ നിരീക്ഷണസമിതി രുപീകരിച്ചത് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിന്റെ ഫലമായാണ്. മനുഷ്യാവകാശ കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്ത് മനുഷ്യാവകാശ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനും ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന് കഴിഞ്ഞു.
മംഗലാപുരം എസ്. ഡി. എം. ലോ കോളേജിലെ നിയമപഠനത്തിന് ശേഷം 1981 ൽ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് 1986 ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ഭരണഘടന, കമ്പനി, ലേബർ നിയമങ്ങളിൽ പതിറ്റാണ്ടുകളുടെ നിയമപരിചയമുളള അദ്ദേഹം 2007 ൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി.
നിയമലോകത്തെ സൗമ്യ സാന്നിധ്യമെന്നാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയപ്പെടുന്നത്. മാനുഷിക മുഖമുള്ള ഉത്തരവുകളിലൂടെ മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗത്തിനും പോലീസുകാരുടെ മൂന്നാം മുറയ്ക്കുമെതിരെ അദ്ദേഹം കർശനമായ നിലപാടാണ് സ്വീകരിച്ചത്.
നെടുങ്കണ്ടം കസ്റ്റഡി മരണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് നൽകിയ ഉത്തരവുകൾ സർക്കാർ നടപ്പിലാക്കി. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അദ്ദേഹം ആശുപത്രി സന്ദർശിച്ച് നൽകിയ നിർദ്ദേശങ്ങളും നടപ്പിലാക്കി. പോലീസുകാർ വഴിയിൽ വാഹനം തടഞ്ഞ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകൾക്ക് നിയന്ത്രണമുണ്ടായതും ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്റെ ഇടപെടൽ വഴിയാണ്.
കാൽനട യാത്രക്കാരുടെ അവകാശങ്ങൾ സ്ഥാപിക്കാൻ നിരന്തരം ഇടപെട്ട ന്യായാധിപനാണ് അദ്ദേഹം. ഇടമലക്കുടി, മൂന്നാർ, ദേവികുളം, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ പരിതാപകരമായ നിലയിൽ ജീവിക്കുന്ന വനവാസികൾക്ക് വേണ്ടി അവിടെ സിറ്റിംഗുകൾ നടത്തുകയും പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി അവർക്കരികിലെത്തി അദ്ദേഹം പരാതികൾ സ്വീകരിച്ചു. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറ്റൊരു കോളേജിലേക്ക് മാറുമ്പോൾ ആദ്യം ചേർന്നപ്പോൾ അടച്ച ഫീസ് തിരികെ നൽകില്ലെന്ന ചട്ടം തിരുത്തിയതും ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻ്റെ ഉത്തരവ് വഴിയാണ്.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, അംഗം വി. കെ. ബീനാകുമാരി, സെക്രട്ടറി എസ്. എച്ച്. ജയകേശൻ, കമ്മീഷൻ അന്വേഷണ വിഭാഗം തലവൻ, ഡിജിപി ടോമിൻ ജെ. തച്ചങ്കരി എന്നിവർ യാത്രയയപ്പുചടങ്ങിൽ പ്രസംഗിച്ചു.