ഐശ്വര്യ റായിക്ക് വീണ്ടും കലാകേളി സാരി
തിരുവനന്തപുരം : കൈത്തറിക്ക് പേരു കേട്ട ബാലരാമപുരത്തു നിന്നും മുൻ ലോകസുന്ദരി ഐശ്വര്യറായിയ്‌ക്കായി വീണ്ടും കൈത്തറി കലാകേളി സാരി ഒരുക്കുന്നു.കഴിഞ്ഞ മൂന്നാഴ്ചയോളമായി ഇതിന്റെ ഇഴ നെയ്തു തുടങ്ങിയിട്ട്. തിരുവനന്തപുരം ബാലരാമപുരത്തെ പയറ്റുവിളയിൽ പുഷ്പ ഹാൻഡ്ലൂമിലാണ് താരത്തിനായി സാരി നെയ്ത്.
ഒരു വ്യാഴവട്ടം മുൻപ് സ്വർണ്ണ നിറത്തിൽ ആയിരുന്നു ലോക സുന്ദരിക്കായി സാരി നെയ്തതു. ഇപ്പോൾ രാസവസ്തുക്കൾ ഒന്നും ചേർക്കാതെ പരമ്പരാഗ രീതി അനുവർത്തിച്ചു കൊണ്ടു അരിപ്പശ ചേർത്ത് ആണ് സാരിക്കായി നൂലുകൾ. കരയുടെ ഉള്ളിലായി 8 ഇഞ്ച് ഉയരത്തിലും 6 ഇഞ്ച് വീതിയിലും കഥകളിയുടെ 4 രൂപങ്ങളാണ് നെയ്യുന്നത്.കഥകളിയുടെ രൂപങ്ങൾ ഇരുവശത്തും ഒരുപോലെ കാണാൻ സാധിക്കും. അരിമാവ് പശയുമായി ചേർത്ത് പരുവപ്പെടുത്തിയ പ്രത്യേക കോട്ടൺ നൂലാണ് ഇതിനായി ഉപയോഗിക്കുന്നത്.
അഞ്ചു.മീറ്റർ നീളത്തിൽ 48 ഇഞ്ച് വീതിയിൽ 42 ദിവസം കൊണ്ടാണ് സാരീ പൂർത്തികരിക്കുക.ഓരോ ഇഴയും കൈകൾ കൊണ്ട് വളരെ സൂക്ഷ്മതയോടെയാണ് നെയ്തെടുക്കുന്നത്. ഒരു മീറ്ററിൽ അധികം ഇപ്പോൾ കലാകേളി നെയ്തു കഴിഞ്ഞു.
പയറ്റുവിള പുലിയൂർക്കോണം സ്വദേശി ശിവനാണ് കലാകേളി സാരിയുടെ രൂപകൽപ്പന. ദീർഘകാലം ഈടുനിൽക്കുന്ന കലാകേളി സാരിയിൽ യാതൊരുവിധ രാസവസ്തുക്കളും ഉപയോഗിക്കാറില്ല. കലാബോധവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ ഒന്നു നെയ്തു തീർക്കാൻ സാധിക്കു.
പരമ്പരാഗ രീതിയിൽ നിന്നും വ്യതിചലിക്കാതെയുള്ള ബാലരാമപുരം നെയ്ത്തിന്റെ ഇഴയടുപ്പം മറ്റെവിടെയും ലഭിക്കില്ല അതാവണം രണ്ടാം തവണയും ഐശ്വര്യാ റായിയെ ബാലരാമപുരം പുഷ്പയിലേക്ക് തന്നെ എത്തിച്ചത്.
1993ൽ ദേശീയതലത്തിലും 1995ൽ തമിഴ്നാട് കോ ഓപ്ടെക്സിന്റെ പ്രദർശനത്തിലും പുഷ്പയിൽ നിന്ന് നെയ്‌തെടുത്ത സാരികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.