വിനോദസഞ്ചാര വികസനത്തിന് സാധ്യതകൾ തേടി അമ്പൂരി
എസ് സി അമ്പൂരി
സ്പെഷ്യൽ റിപ്പോർട്ട്
അമ്പൂരി: ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളും പശ്ചിമഘട്ട മലനിരകളുടെ വശ്യസൗന്ദര്യവും ഒത്തുചേർന്ന അമ്പൂരിയിൽ ടൂറിസം സാധ്യതകൾ തേടിയുള്ള അന്വേഷണങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.കാണിക്കാർ ഉൾപ്പെടെയുള്ള വനവാസികളുടെയും ആവാസ മേഖലയായ അമ്പൂരി വിനോദ സഞ്ചാര ഭൂപടത്തിൽ അവഗണിക്കപ്പെടുന്നുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ദ്രവ്യപ്പാറയും കുമ്പിച്ചൽ കടവും പശ്ചിമഘട്ടത്തിലെ അനുബന്ധ മലനിരകളും കാട്ടരുവികളും കൊണ്ട് പ്രകൃതി രമണീയമായ പ്രദേശങ്ങൾ ഇവിടെയുണ്ട്.
മലയോര പഞ്ചായത്തായ അമ്പൂരിയിലെ പ്രധാനപ്പെട്ട പ്രദേശമാണ് ദ്രവ്യപ്പാറ.സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം – 1500 അടിയാണ്.മനംകവരുന്ന ട്രക്കിംഗ് പോയിന്റുകൾ ഇവിടെയുണ്ട്.
മാർത്താണ്ഡവർമ്മ മഹാരാജാവിനെ ശത്രുക്കളിൽ നിന്ന് രക്ഷിച്ച അമ്പൂരിയിലെ ദ്രവ്യപ്പാറയ്‌ക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത് . പാറയുടെ മുകളിലെത്താൻ അക്കാലത്ത് കൊത്തിയ 72 പടവുകൾ ഇവിടെ കാണാം. ഇവിടെയുള്ള ഗുഹാക്ഷേത്രത്തിൽ ശിവപ്രതിഷ്ഠയാണ്. ദ്രവ്യപ്പാറയുൾപ്പെടുന്ന പ്രദേശങ്ങളിലാണ് ടൂറിസം സാദ്ധ്യതകൾ പഠിക്കുന്നത്. പാറയ്ക്കു മുകളിൽ ഒരിക്കലും വറ്റാത്ത നീരുറവയുമുണ്ട്.
അഗസ്ത്യ മുനി തപസ്സനുഷ്ഠിച്ച അഗസ്ത്യാർകൂടത്തിൽ നിന്ന് മുപ്പതു കിലോമീറ്റർ ദൂരത്തായാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തായാണ് അമ്പൂരിയുടെ സ്ഥാനം. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗം തമിഴ്നാടാണ്. ദക്ഷിണ ഭാരത തീർത്ഥാടന കേന്ദ്രമായ കാളിമല സ്ഥിതി ചെയ്യുന്നത് തമിഴ്നാട് ഭാഗത്താണ്. തെക്കുഭാഗത്ത് വെള്ളറട ഗ്രാമപഞ്ചായത്തും തെക്കുപടിഞ്ഞാറ് ആര്യങ്കോട് പഞ്ചായത്തും പടിഞ്ഞാറ് കള്ളിക്കാട് പഞ്ചായത്തുമാണ്. നെയ്യാർ വന്യ ജീവിസങ്കേതത്തിന്റെ ഭാഗമായ നിബിഡ വനത്താൽ ചുറ്റപ്പെട്ടതാണ് അമ്പൂരിയുടെ കിഴക്കുഭാഗം.
ദ്രവ്യപ്പാറ കൂടാതെ ആദിവാസി സെറ്റിൽമെന്റുകൾ ഉൾപ്പെടുന്ന കുമ്പിച്ചൽക്കടവ്, കുന്നത്തുമല, ചാക്കപ്പാറ, കൊമ്പെക്കാണി, ഓറഞ്ചിക്കാട്, പന്തപ്ലാമൂട് നടപ്പാലം, മാലദ്വീപ്, ഉത്രംകയം, മീൻമുട്ടി, ഞണ്ടുപ്പാറ കന്നിതൂൺമൂട് തീർത്ഥാടനകേന്ദ്രവും നെല്ലിക്കാമലയും ആനനിരത്തിയും നിരവധി ട്രക്കിംഗ് പോയിന്റുകളും സഞ്ചാരികളുടെ മനംകവരുന്ന പ്രദേശങ്ങളാണ്. കന്നിതൂൺമൂട് കേന്ദ്രത്തിലെ കാലഭൈരവ ക്ഷേത്രവും പ്രസിദ്ധമാണ്. നിലവിൽ അമ്പൂരിയിലെ വിനോദസഞ്ചാര വികസനത്തിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി തയ്യാറാകുകയാണ്. കാടും മലകളും പ്രകൃതിഭംഗിയും കൊണ്ട് സമൃദ്ധമായ അമ്പൂരിയിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം വികസനത്തിന്റെ വമ്പൻ സാദ്ധ്യതകൾ തേടി ടൂറിസം പ്രൊമോഷൻ കൗൺസിൽ. അമ്പൂരിയിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നംഗ പഠനസംഘമെത്തി മലയോരത്തെ വിവിധ പ്രദേശങ്ങളും മലനിരകളും ഉൾപ്പെടുത്തി പരിശോധന തുടങ്ങി. അമ്പൂരിയെ ഒരു ടൂറിസം വില്ലേജായി ഉയർത്തുക എന്നതാണ് ലക്ഷ്യം. പാറശ്ശാല എം.എൽ.എയുടെ നേതൃത്വത്തിലാണ് പദ്ധതിക്കായുള്ള പഠനം നടക്കുന്നത്. ബോട്ടിംഗ്, വെള്ളച്ചാട്ടം ട്രക്കിംഗ് എന്നിവ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പദ്ധതികളും റിപ്പോർട്ടിലുൾപ്പെട്ടിട്ടുണ്ട്.