കുടിവെള്ള പൈപ്പ്കാരണം നനവും വിള്ളലും : നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം :- അയൽവാസിയുടെ വീട്ടിലേയ്ക്കുള്ള പൈപ്പ് ലൈനിലെ ചോർച്ച കാരണം തങ്ങളുടെ വീടിന്റെ ചുമരിന് നനവും വിള്ളലുമുണ്ടായെന്ന മുതിർന്ന വ്യക്തികളുടെ പരാതി, മുതിർന്ന പuരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണൽ അടിയന്തിരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ചുമതല. വഹിക്കുന്ന തിരുവനന്തപുരം ആർ ഡി ഒ ഓഗസ്റ്റ് 5 ന് മുമ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
നെല്ലിമൂട് കൈവൻവിളയിൽ ജോസ് ഫിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 78 വയസ്സുള്ള പരാതിക്കാരിക്കും 80 വയസ്സുള്ള കിടപ്പുരോഗിയായ ഭർത്താവിനും വീടിനുണ്ടായ വിള്ളൽ കാരണം എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന് പരാതിയിൽ പറയുന്നു. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിനെതിരെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 40 വർഷം പഴക്കമുള്ള വീടിന് നനവും വിള്ളലുമുണ്ടാക്കാൻ 10 വർഷം മുമ്പ് അയൽവാസിയായ പീറ്റർ എടുത്ത കുടിവെള്ള പൈപ്പിന് കഴിയില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ താങ്കളുടെ വീടിനോട് ചേർന്നാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നതെന്നും ലൈനിൽ നിന്നുള്ള ചോർച്ചയാണ് നനവിന് കാരണമെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി പൈപ്പ് ലൈനിന് മുകളിലിട്ട മണ്ണ് നീക്കാൻ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നൽകിയ ഉത്തരവ് അയൽവാസി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പരാതിക്കാരി അറിയിച്ചു.
നിർഭാഗ്യവശാൽ എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ അത് വലിയ വിഷമതകൾക്ക് ഇടയാക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആർ ഡി ഒ ആവശ്യമായ അന്വേഷണങ്ങൾ നടത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.