September 11, 2024

കാർബൺ ന്യൂട്രൽ കാട്ടാക്കടയ്ക്കായി വിദ്യാർത്ഥി ഉച്ചകോടി

Share Now

മാറനല്ലൂർ: പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനവും ഭൂമിയുടെ താപനിലയുടെ സന്തുലിതയെ തകർക്കുന്നു. ഇതാണ് കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമന അളവ് കുറച്ചു മാത്രമേ ഭൂമിയുടെ വർദ്ധിക്കുന്ന താപനില നിയന്ത്രിക്കാനാകു. കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച കാർബൺ ന്യൂട്രൽ കാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി ഊരൂട്ടമ്പലം ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച വിദ്യാർത്ഥി ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായ ഉദ്ഘാടന ചടങ്ങിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതമാശംസിച്ചു. നാല് സെഷനുകളിലായി വിദ്യാർത്ഥികളാൽ നിയന്ത്രിക്കുന്ന തരത്തിലാണ് വിദ്യാർത്ഥികളുടെ ഉച്ചകോടി സംഘടിപ്പിച്ചത്. ഉദ്ഘാടന സെഷനെ തുടർന്ന് ഊർജ്ജവും ഗതാഗതവും, മാലിന്യ നിർമ്മാർജ്ജനം, കൃഷി – വനം – മറ്റ് ഭൂവിനിയോഗ രീതികൾ എന്നീ സാങ്കേതിക സെഷനുകളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ദരും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. മണ്ഡലത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്നായി തെരഞ്ഞെടുക്കപ്പെട്ട 140 വിദ്യാർത്ഥികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. കാർബൺ ന്യൂട്രൽ കാട്ടാക്കടയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിലെ സമാപന സെഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭാവനാസമ്പന്നമായതും ദീർഘവീക്ഷണത്തോടെയുമുള്ള മാതൃകാപരമായ പദ്ധതികളാണ് എം.എൽ.എ ഐ.ബി.സതീഷിൻ്റെ നേതൃത്വത്തിൽ കാട്ടാക്കട മണ്ഡലത്തിൽ നടത്തിവരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാർബൺ ന്യൂട്രൽ എന്ന പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഈ മഹത്തായ മാതൃക, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളും ഏറ്റെടുത്ത് കേരളമൊട്ടാകെ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പദ്ധതി രൂപരേഖ യുടെ പ്രകാശനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ പ്രചരണ അവബോധ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീഡിയോ നിർമ്മാണ ക്യാമ്പയിനിൽ മിക്കച്ച വീഡിയോ തയ്യാറാക്കിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും കൃഷി മന്ത്രി നിർവ്വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ,  കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ എന്നിവർ ആശംസകളറിയിച്ചു. നേമം ബി.ഡി.ഒ കൃതഞ്ജത രേഖപ്പെടുത്തി. 2021 ഡിസംബർ അവസാനം കാട്ടാക്കട മണ്ഡലത്തിലെ കാർബൺ ബഹിർഗമന തോത് മനസിലാക്കുന്നതിനുള്ള കാർബൺ ആഡിറ്റിംഗ് പൂർത്തിയാക്കി പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന പ്രായോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതാ വായനാ മത്സരം സംഘടിപ്പിച്ചു.
Next post വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

This article is owned by the Rajas Talkies and copying without permission is prohibited.