September 7, 2024

സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

Share Now

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നത്.

ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില്‍ തന്നെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ടി.പി. ആര്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തില്‍ ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. മേയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തില്‍ ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഏറ്റവുമധികം വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം.

സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്‌സിജന്‍ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്തതിനാല്‍ അവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇല്ലിയെയും കറ്റാർ വാഴയെയും അടുത്തറിഞ്ഞു പുതുതലമുറ
Next post പോലീസിലെ മിടുക്കന്‍ കുതിര അരസാന്‍ ഇനി തടസങ്ങളില്ലാതെ ശ്വസിക്കും.

This article is owned by the Rajas Talkies and copying without permission is prohibited.