ഇല്ലിയെയും കറ്റാർ വാഴയെയും അടുത്തറിഞ്ഞു പുതുതലമുറ
ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും മറ്റ് ക്ലബുകളുടെയും ഗ്രീൻ പീപ്പിൾ എന്ന പരിസ്ഥിതി സംഘടനയുടെയും നേതൃത്വത്തിൽ കണ്ടൽ ദിന ആഘോഷങ്ങളുടെ ഭാഗമായി “ഒരു കുട്ടിക്ക് ഒരു കറ്റാർവാഴയും ഇല്ലിമരവും “എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സ്കൂളിൽ പഠിക്കുന്ന ഓcരാ വിദ്യാർത്ഥികളും ഒരു കറ്റാർവാഴ തൈ വീതം വീട്ടുവളപ്പിൽ നട്ട് പരിപാലിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡോ.എം സിദ്ദീക്കുൽ കബീർ ആദ്യ തൈ നട്ട് ഉത്ഘാടനം ചെയ്തു. അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്.
മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ ആറിൻ്റെ പരിസരങ്ങളിൽ നൂറ്റി ഒന്ന് ഇല്ലിതൈകൾ വച്ചുപിടിപ്പിക്കുക എന്നതാണ് മറ്റൊരു പദ്ധതി. ഗ്രീൻ പീപ്പിൾ ചീഫ് കോർഡിനേറ്റർ അസീസ് കുന്നപ്പിള്ളി ഇല്ലിതൈകൾ പ്രമുഖ നീന്തൽ ജീവൻ രക്ഷാ പരിശീലകൻ ഷാജി ഫ്ലോട്ടിലയ്ക്ക് നൽകുകയും തുടർന്ന് ഇവ ആറിൻ്റെ കരയിൽ നട്ട് ഉത്ഘാടനം ചെയ്തു.
ഏറ്റവും വേഗത്തിൽ വളരുന്നതും, മറ്റു വൃക്ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനത്തിൽ അധികം ഓക്സിജൻ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം ഇല്ലികൾ. മൂളി ബാംബൂ (മെലോക്കന്ന ബാസിഫറ), ചൈനീസ് മുള, ഗഡുവ മുള, ഈറ്റ, ബിലാത്തി മുള, മഞ്ഞ മുള, പച്ച മുള തുടങ്ങിയ മുളയിനങ്ങളാണ് മണ്ണൊലിപ്പ് തടയുവാനും തീരസംരക്ഷണം ഉറപ്പുവരുത്തുവാനും നല്ലത്.
സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ അജയൻ എ, പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനിൽ , സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി. അവിരാച്ചൻ, ഗിരിജ എം.പി, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, രതീഷ് വിജയൻ, ഹണി വർഗീസ്, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ എ, ബാബു പി.യു, ജോമി ജോർജ്, വിദ്യാർത്ഥികളായ അഞ്ജന ജനീഷ്, മന്ന ജോമോൻ, ഡോണറ്റ്, തുടങ്ങിയവർ നേതൃത്വം നൽകി.