പൊലീസ് സ്റ്റേഷനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.പാലോട് നന്ദിയോട് പൗവ്വത്തൂർ തെങ്ങു കോണം പുത്തൻ വീട്ടിൽ പരേതനായ മണിയൻ-പ്രസന്ന ദമ്പതികളുടെ മകൻ ഷൈജു (42)ആണ് ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ആര്യനാട് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.ഭാര്യയെ കാണാനില്ലന്ന പരാതിയുമായി എത്തിയ ശേഷം ഇയാൾ പുറത്തുപോകുകയും ശരീരത്തിൽ പെട്രോളൊഴിച്ച് തിരികെ സ്റ്റേഷനുള്ളിൽ കയറി തീ കൊളുത്തുകയുമായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇയാളെ 108 വരുത്തി ആര്യനാട് പൊലീസ് ഉടൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചു.ഇവിടെ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ചരാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.
നന്ദിയോട് പൗവ്വത്തൂർ സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാൾക്കൊപ്പം താമസമുണ്ടായിരുന്ന ആര്യനാട് പറണ്ടോട് സ്വദേശിയായ ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ 25ന് ഇയാൾ പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം പുത്തൂർ സ്റ്റേഷനിലെത്തിയ ഇയാൾ ഭാര്യയെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയശേഷം സ്റ്റേഷന് പുറത്തേക്ക് പോകുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് സ്റ്റേഷനിലേക്ക് തള്ളിക്കയറി തീകൊളുത്താൻ ശ്രമിച്ചു.ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ കാരണം ഇയാൾക്ക് തീകൊളുത്താൻ കഴിഞ്ഞില്ല.ഇയാളുടെ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുവച്ച് പൊലീസ് അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കിയെങ്കിലും യുവതി ഇയാൾക്കൊപ്പം പോകാൻ വിസമ്മതിച്ച് സഹോദരനൊപ്പം കോടതിയിൽ നിന്ന് പോയി.
വെള്ളിയാഴ്ച പുലർച്ചെ ഇയാൾ വീണ്ടും പുത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ കോടതി ഉത്തരവ് പ്രകാരം യുവതി സഹോദരനൊപ്പം പോയകാര്യം അറിയിച്ച് പൊലീസുകാർ ഇയാളെ തിരിച്ചയയ്‌ക്കുകയായിരുന്നു.പിന്നാലെയാണ് ഇയാൾ ഉച്ചയ്‌ക്ക് രണ്ടോടെയാണ് മദ്യലഹരിയിൽ ആര്യനാട് സ്റ്റേഷനിലെത്തി അതിക്രമം കാട്ടിയത്. പിതാവ് പരേതനായ മണിയൻ,മാതാവ് പ്രസന്ന, സഹോദരി:ഷീജ.