ഗായകനും മലയാള ഗാനമേള രംഗത്തെ അതികായനുമായിരുന്ന ഇടവ ബഷീർ(78) അന്തരിച്ചു.
ഗായകനും മലയാള ഗാനമേള രംഗത്തെ അതികായനുമായിരുന്ന ഇടവ ബഷീർ(78) അന്തരിച്ചു. ആലപ്പുഴയിൽ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജുബിലി ആഘോഷവേദിയിൽ പാടികൊണ്ടിരിക്കെ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. പാതിരപ്പള്ളി ക്യാമലോട് കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി.
ഗാനമേള വേദികളിൽ സജീവമായിരുന്ന ബഷീർ, ഒട്ടേറെ സിനിമകളിലും പാടിയിട്ടുണ്ട്. ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന സൂപ്പർഹിറ്റ് ഗാനം പാടിയത് ബഷീറാണ്. രഘുവംശം എന്ന സിനിമയിൽ എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ആദ്യ ചലച്ചിത്ര ഗാനം. വീണവായിക്കുമെൻ വിരൽത്തുമ്പിലെ എന്ന ഈ ഗാനം ജാനകിക്കൊപ്പമാണ് ബഷീർ പാടിയത് തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിൽ ജനിച്ച ബഷീർ സ്ഥലനാമവും സ്വന്തം നാമത്തിനൊപ്പം ചേർത്തു.
കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിലായിരുന്നു ബഷീറിന്റെ പഠനം. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരിൽനിന്ന് സംഗീതവും അഭ്യസിച്ചു. സംഗീത കോളേജിൽനിന്ന് ഗാനഭൂഷണം പൂർത്തിയാക്കിയ ബഷീർ, പിന്നീട് സംഗീതാലയ എന്ന പേരിൽ ഗാനമേള ട്രൂപ്പും ആരംഭിച്ചു.
കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇദ്ദേഹം ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. മലയാള ഗാനമേളവേദികളുടെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ബഷീർ.ബഷീർ ആയിരുന്നു യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ തുടങ്ങിയവ ആദ്യമായി മലയാള ഗാനമേളവേദികളിൽ അവതരിപ്പിച്ചത് .