സാമൂഹ്യ വനവൽക്കാരണം കൈക്കൂലി അന്വേഷണം; വനിതാ ഫോറെസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ ഉന്നതരിലേക്ക്.
തിരുവനന്തപുരം: സാമൂഹിക വനവത്കരണ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതിനായി കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനമാക്കി വിജിലൻസ് അന്വേഷണം ഇപ്പോൾ വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെ ഉള്ളവരിലേക്ക് എത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെടുന്ന വനിതാ റേഞ്ച് ഓഫീസറുടെ വീട്ടിലും ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തി വിലപ്പെട്ട രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു അന്വേഷണം തുടരുകയാണ്.
കരാറുകാരനായ ബിജുവിൽ നിന്ന്ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ എ.കെ. സലിം 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മരുതുംകുഴിയിലെ ഓഫീസിൽ വച്ചു പിടിയിലായതോടെയാണ് അഴിമതി ചുരുൾ അഴിയുന്നതും തുടർന്നുള്ള അന്വേഷണത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരായ ദിവ്യ എസ്. റോസ്, രാജേഷ് എന്നിവരെ പ്രതി ചേർത് പരിശോധന നടത്തിയത്.ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്കേസുമായി ബന്ധമുണ്ടെന്ന നിർണായക വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്.ഇവർക്കുവേണ്ടിയാണ് കൈക്കൂലിയെന്ന ശബ്ദരേഖ വിജിലൻസിന് ലഭിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫീസർമാരുടെയും കരാറുകാരുടെയും ഫോൺ രേഖകൾ ഫോറൻസിക് സംഘവും പരിശോധിച്ചു വരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാകും കൂടുതൽ അന്വേഷണവും അറസ്റ്റും ഉണ്ടാകുക.
പരുത്തിപ്പള്ളി, നെയ്യാർ, പാലോട് റേഞ്ചുകളിൽ രാഷ്ട്രീയക്കാരുടെ ബിനാമികളാണ് കരാർ ഏറ്റെടുക്കുന്നതെന്നും ജോലികളുടെ നിലവാരം പരിശോധിക്കാതെ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ ഇവരുടെ ബില്ലുകൾ പാസാക്കുകയാണെന്നും നേരത്തെയുള്ള പരാതികളാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.