ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ രോഹിത് ബുദ്ധിമുട്ടും: ബ്രാഡ് ഹോഗ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ ബുദ്ധിമുട്ടുമെന്ന് ഓസ്ട്രേലിയയുടെ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്. വിദേശ പിച്ചുകളിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ രോഹിതിൻ്റെ പ്രകടനം മികച്ചതല്ലെന്നും ബ്രോഡ്, ആൻഡേഴ്സൺ പോലുള്ള ബൗളർമാർക്കെതിരെ അദ്ദേഹം ബുദ്ധിമുട്ടുമെന്നും ഹോഗ് പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിൻ്റെ അഭിപ്രായ പ്രകടനം. ( brad hogg rohit sharma )
“സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ 79 ആണ് രോഹിതിൻ്റെ ശരാശരി. എന്നാൽ, വിദേശ പിച്ചുകളിൽ ശരാശരി വെറും 27 ആണ്. ഇംഗ്ലണ്ടിൽ അത് കുറച്ചുകൂടി മോശമാണ്. 24 ആണ് അവിടെ രോഹിതിൻ്റെ ശരാശരി. ബ്രോഡ്, ആൻഡേഴ്സൺ പോലുള്ള മികച്ച ബൗളർമാർക്കെതിരെ, പ്രത്യേകിച്ചും ഡ്യൂക്ക് ബോളിലെ ഓപ്പണിംഗ് സ്പെല്ലിൽ രോഹിത് ബുദ്ധിമുട്ടും. പരമ്പരയിൽ അദ്ദേഹം നന്നായി കളിച്ചാൽ ഞാൻ അതിശയിക്കും. രോഹിത് എത്ര മികച്ച ക്രിക്കറ്ററാണെന്ന് നമുക്കറിയാം. പക്ഷേ, ഒരു ഇന്ത്യൻ ബാറ്റ്സ്മാനെ സംബന്ധിച്ച് ഇംഗ്ലണ്ട് പിച്ചാണ് ഏറ്റവും ബുദ്ധിമുട്ട്. അവിടെ നന്നായി കളിക്കാനായാൽ ഒരു ടെസ്റ്റ് ക്രിക്കറ്റർ എന്ന നിലയിൽ അത് രോഹിതിനെ പരുവപ്പെടുത്തും.”- ഹോഗ് വ്യക്തമാക്കി.
ഇതിനിടെ, ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. തുടഞരമ്പിനു പരുക്കേറ്റതിനെ തുടർന്നാണ് രഹാനെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നത്. പരുക്കിൽ നിന്ന് മുക്തനായ താരം വീണ്ടും പരിശീലനത്തിനിറങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കുമെന്നാണ് സൂചന. പരുക്കിനെ തുടർന്ന് കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിൽ നിന്ന് രഹാനെ വിട്ടുനിന്നിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ ബുദ്ധിമുട്ടുമെന്ന് ഓസ്ട്രേലിയയുടെ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്. ഇന്ത്യൻ ടീമിൽ നിന്ന് മൂന്ന് താരങ്ങളാണ് പരുക്കേറ്റ് പുറത്തായത്. യുവ ഓപ്പണർ ശുഭ്മൻ ഗിൽ ആദ്യം പരുക്കേട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ വാഷിംഗ്‌ടൺ സുന്ദറും അവേഷ് ഖാനും പുറത്തായി. ഇരുവരും പരിശീലന മത്സരത്തിൽ കൗണ്ടി ഇലവനു വേണ്ടി കളിക്കാനിറങ്ങിയപ്പോഴാണ് പരുക്ക് പറ്റിയത്. മൂന്ന് പേർ പുറത്തായതോടെ ഇവർക്ക് പകരം ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെയും പൃഥ്വി ഷായെയും ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. സൂര്യകുമാറിന് ഇത് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളി വരുന്നത്.