September 8, 2024

ക്യൂ നിന്ന ആൾക്ക് പെറ്റി എഴുതിയത് ​ചോദ്യം ചെയ്തു; 18 വയസ്സുകാരിക്ക് എതിരെ ജാമ്യമില്ലാവകുപ്പ്​ ചുമത്തി കേസ്​

Share Now

കൊല്ലം ചടയമംഗലത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ ക്യൂ നിന്നയാൾക്ക് പെറ്റി എഴുതിയത് ​ചോദ്യം ചെയ്ത​ 18 വയസ്സുകാരിക്ക് എതിരെ കേസ്. . ഇടുക്കുപാറ സ്വദേശിനി ഗൗരിനന്ദക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് കേസെടുത്തത്. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ്​ പെൺകുട്ടി.

സാമൂഹിക അകലം പാലിക്കാത്തതിന് നോട്ടീസ് നൽകിയതിന്‍റെ പേരിലായിരുന്നു പെൺകുട്ടിയും പൊലീസുകാരനും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടത്. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുംവഴി എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്ക് എത്തിയത്. പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നത് കണ്ടപ്പോള്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചതായി യുവതി പറയുന്നു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുളളയാള്‍ മറുപടി പറഞ്ഞപ്പോള്‍ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ. പെറ്റിക്കടലാസ്​ പൊലീസിന്‍റെ മുന്നിൽവെച്ച്​ തന്നെ കീറിയെറിഞ്ഞതോടെ വാക്​പോര്​ രൂക്ഷമാവുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ പെൺകുട്ടിക്ക് എതിരെ കേസ്. അതേസമയം പൊലീസ് നടപടിക്കെതിരെ യുവജനകമ്മിഷന് പെൺകുട്ടി പരാതി നല്‍കി. പെറ്റി എഴുത​രുതെന്ന്​ പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും ഗൗരി യുവജന കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടിയുടെ പരാതിയിൽ റൂറൽ എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Hafele Previous post ജോലി സ്ഥലങ്ങളില്‍ സുരക്ഷ നല്‍കി ഹഫെലെയുടെ സുതാര്യമായ ഗ്ലാസ് മറകള്‍
Next post സംസ്ഥാനത്തെ കൊവിഡ് വര്‍ധനവ്; പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

This article is owned by the Rajas Talkies and copying without permission is prohibited.