ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.
.
ആര്യനാട്.
ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) ആണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ ഞെട്ടിയ പോലീസസും സ്ഥലത്തുണ്ടായിരുന്ന അഡ്വക്കറ്റ് ക്ലെർക്ക് വിനയനും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.ചെടിക്ക് വെള്ളമൊഴിക്കാൻ സജ്ജീകരിച്ചിരുന്ന ഹോസ് എടുത്തു ഞൊടിയിടയിൽ വെള്ളം ഒഴിച്ചു തീ കെടുത്താൻ ശ്രമിക്കുകയും ഇയാളെ നിലത്തു ഉരുട്ടി തീ കെടുത്തുകയും ചെയ്തു. ഇവരുടെ സമയോചിതമായ ഇടപെടലിൽ ഷൈജുവിനെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. 40 ശയമനത്തോളം ഏറ്റ ഇയാളെ 108 വരുത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഇയാൾ ആര്യനാട് പറണ്ടോട് സ്വദേശിനിയായ ദീപയെ ഭാര്യയെ കാണാനില്ല എന്നു പറഞ്ഞാണ് ആര്യനാട് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.വിവരങ്ങൾ ചോദിച്ചു മനസിലാക്കി അന്വേഷിച്ചു കണ്ടു പിടിക്കാം എന്നു പോലീസ് ഉറപ്പു നൽകി മടക്കി അയച്ചു. എന്നാൽ പുറത്തിറങ്ങി ഇയാൾ വന്ന ഓട്ടോയിൽ കരുതിയിരുന്ന ക്യാൻ എടുത്തു കൊണ്ട് സ്റ്റേഷനു മുന്നിലെത്തി ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.അതേ സമയം ഇതേ പരാതി പുത്തൂർ സ്റ്റേഷനിലും ഇക്കഴിഞ്ഞ 25 നു പരാതി നൽകിയിട്ടുണ്ട് എന്നും അവിടെയും ആത്മഹത്യ ശ്രമം നടത്തിയതായും പോലീസ് സ്ഥിരീകരിച്ചു.ഇയാളുമായി പിണങ്ങി കഴിയുന്ന ഭാര്യ കുടുംബവീട്ടിൽ ഉണ്ടെന്നു അന്ന് പൊലീസ് അന്വേഷണം നടത്തി കണ്ടെത്തി ഷൈജുവിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ശേഷമാണ് ഇപ്പോൾ ആര്യനാടും സമാന പരാതിയുമായി ഷൈജു എത്തിയത്.ഷൈജുവും ദീപയും നിയമപരമായി വിവാഹിതരല്ല എന്നാണ് വിവരം. ഇരുവരും ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തുന്നുണ്ട്.