കോവിഡ് ബാധിച്ചുമരിച്ച നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മയുടെ വക മൂന്ന് ലക്ഷം രൂപവീതം
ഇക്കൊല്ലം കോവിഡ് ബാധിച്ച് മരണമടഞ്ഞ നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം മൂന്ന് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
കോവിഡ് ബാധിച്ച് മരണമടഞ്ഞ വര്‍ക്കല പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സാജന്‍, അയിരൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റഹീം എന്നിവരുടെ കുടുംബാംഗങ്ങള്‍ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ധനസഹായം ഏറ്റുവാങ്ങി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തും മാന്‍കൈന്‍ഡ് ഫാര്‍മ ഡെപ്യൂട്ടി സോണല്‍ മാനേജര്‍ മധു കോറത്ത്, ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ കെ.സജിത്ത് ശങ്കര്‍ എന്നിവരും ചേര്‍ന്നാണ് കുടുംബാംഗങ്ങള്‍ക്ക് തുക കൈമാറിയത്.
ഇക്കൊല്ലം കോവിഡ് ബാധിച്ചു മരണമടഞ്ഞ കാസര്‍കോട് ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ വസന്തകുമാര്‍, പാലക്കാട് എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാഗരാജന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് അതത് ജില്ലകളില്‍ തുക കൈമാറും.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരണമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കിയ മാന്‍കൈന്‍ഡ് ഫാര്‍മ അധികൃതര്‍ക്ക് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നന്ദി അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാം, വിവിധ പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ ഇ.എസ് ബിജുമോന്‍, ആര്‍.പ്രശാന്ത്, കെ.പി.പ്രവീണ്‍, സുധീര്‍ഖാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.