മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച് കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ നിറഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. ഇന്നുതന്നെ മെഡിക്കല്‍ കോളേജിലെ അവസ്ഥ നേരിട്ട് വിലയിരുത്താന്‍ മന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മെഡിക്കല്‍ കോളേജില്‍ പോയി. മെഡിക്കല്‍ കോളേജിലെ ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെയുള്ളവ നേരില്‍ കണ്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ നേരിട്ട് കണ്ട് ബോധ്യമായി. ഇന്നത്തെ പുതിയ രോഗികള്‍ ഉള്‍പ്പെടെ 28 കോവിഡ് രോഗികളാണ് ഐസിയുവിലുള്ളത്. ഇനിയും നൂറിലധികം ഐസിയു കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മെഡിക്കല്‍ കോളേജില്‍ തയ്യാറാണ്. രോഗികള്‍ കൂടുന്ന മുറയ്ക്ക് കൂടുതല്‍ ഐസിയു കിടക്കകള്‍, ഐസിയു വാര്‍ഡുകള്‍ എന്നിവ കോവിഡ് രോഗികള്‍ക്കായി തുറക്കുന്നതാണ്. പുതിയ രോഗികള്‍ ഉള്‍പ്പെടെ ആറ് കോവിഡ് രോഗികള്‍ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. മതിയായ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.