പട്ടയം അനുവദിച്ച മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ‘ഭൂഉടമ’യുടെ പൂച്ചെണ്ട്
വിളപ്പിൽശാല:പതിറ്റാണ്ടുകൾക്കിപ്പുറം തങ്ങളുടെ ജീവിത സ്വപ്നം നിറവേറ്റിയ സർക്കാരിനോടുള്ള ആദര സൂചകമായി വയോധികരായ “ഭൂഉടമകൾ’ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പൂച്ചെണ്ട് നൽകി തങ്ങളുടെ സന്തോഷവും സ്നേഹവും അറിയിച്ചു.
വിളപ്പിൽ സ്മാർട്ട് വില്ലേജ് ഉദ്ഘാടന വേദിയിലാണ് വിളപ്പിൽശാല സി എച് സി റോഡിൽ ആലും പുറത്തു വീട് സഹോദരങ്ങളായ കെ ഗോപാലും,കെ സുകുമാരനും തങ്ങളുടെ കണ്ണുനീരു കണ്ട സർക്കാരിന് നന്ദി അറിയിച്ചത്. . മന്ത്രി കെ രാജന് നേരിട്ടും മുഖ്യമന്ത്രി പിണറായി വി-ജയനുള്ള സ്നേഹാദരം നിറഞ്ഞ പൂച്ചെണ്ട് മന്ത്രി വശം കൊടുത്തയക്കുകയും ചെയ്തു. സെപ്റ്റിക്ക് ടാങ്കുകൾ വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന ഇവർക്ക് രണ്ടുപേർക്കും കാലുകളിൽ അണുബാധയുണ്ട്. ഗോപാലന് ഇതു കഠിനമായ അവസ്ഥയാണ്. എന്നിരുന്നാലും ഗോപാലൻ മകൻ സനലിനെയാണ് തന്റെ സ്നേഹം അറിയിക്കാൻ ചുമതലപ്പെടുത്തിയത്.സനലിനൊപ്പം സുകുമാരൻ നേരിട്ട് തന്നെ എത്തിയിരുന്നു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കാട്ടാക്കട താലൂക്ക് തല പട്ടയവിതരണ ദിനത്തിൽ സഹോദരങ്ങളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആഗ്രഹത്തിനു സാഫല്യമായത്.
വിളപ്പിൽശാല വാർഡിൽ ഉൾപ്പെട്ട സഹോദരങ്ങൾ തലമുറകളായി ഇതേ ഭൂമിയിലാണ് കൂര വച്ചു കഴിഞ്ഞിരുന്നത്.വർഷങ്ങളായി ആനൂകൂല്യങ്ങൾ ലഭിക്കാനായി പല വാതിലുകളും മുട്ടിയിട്ടും ഒന്നും നടപ്പാകാതെ ആഗ്രഹമായി തന്നെ അവശേഷിക്കും എന്നു ആകുലപ്പെട്ട് കഴിഞ്ഞിരുന്ന ഇവർക്ക് ജില്ലാ പഞ്ചായത്ത് അംഗമായ വിളപ്പിൽ രാധാകൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി, എന്നിവരുടെ ശ്രമഫലമായാണ് ചിരകാല സ്വപ്ന സാഫല്യത്തിന് വഴി ഒരുക്കിയത്.പഞ്ചായത്തിൽ ഇവരെ കൂടാതെ ജലജ എന്ന വീട്ടമ്മക്കും പട്ടയം ലഭിച്ചിരുന്നു.