ഭാര്യാ പിതാവിന്റെ വീട്ടിൽ കഞ്ചാവ് കൃഷി. ഒരാൾ അറസ്റ്റിൽ.
വിളപ്പിൽശാല
ഭാര്യാ പിതാവിന്റെ വീട്ടിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ ആൾ പിടിയിൽ. വീടിന്റെ മുകൾ നിലയിലെ ഒറ്റമുറി ഷെഡിൽ ഭാര്യയോടും മക്കളോടുമൊപ്പം താമസിക്കുന്നതിനിടയിൽ ആണ് ഇയാൾ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി നടത്തിയത്. വിളപ്പിൽശാല ഇരട്ട കുളത്തിന് സമീപം കൊങ്ങപ്പള്ളിയിൽ സംഗീതാലയത്തിൽ ബിജെപി, എസ്. സി. മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീടിന് മുകളിൽ ആണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. അതീവ രഹസ്യമായി കൃഷി നടത്തിയ ഉണ്ണി എന്ന രഞ്ജിത്തിനെ (33) വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. വീടിനു മുകളിലെ ഷെഡ്ഡിന് സമീപത്ത് രണ്ട് – ട്രേകളിലായി മണ്ണ് നിറച്ചാണ് ഇയാൾ കഞ്ചാവ് നട്ട് പരിപാലിച്ചിരുന്നത്. സുഹൃത്തു നൽകിയ വിത്തു പാകിയതാണ് എന്നു ഇയാൾ പൊലീസിന് മൊഴി നൽകി. സംഭവത്തെ കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്നു പറഞ്ഞു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ.എസ് ഗോപിനാഥിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഡാൻസാഫ് സംഘം രഹസ്യ നിരീക്ഷണം നടത്തിയാണ് ഇത് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. വിളപ്പിൽശാല ഇൻസ്പെക്ടർ എൻ , സുരേഷ് കുമാർ എസ്. ഐ. അനിൽ കുമാർ എ. എസ്. ഐ. ബൈജു , സി.പി.ഒ മാരായ രതീഷ്, സുനിലാൽ , ശ്രീനാഥ് എന്നിവരാണ് കഞ്ചാവ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം വീടിന്റെ ഉടമയും ബിജെപി, എസ്. സി. മോർച്ച ജില്ലാ പ്രസിഡന്റുമായ വിളപ്പിൽ സന്തോഷ് ഔദ്യോഗിക സ്ഥാനം സംഭവത്തോടെ രാജിവച്ചു. സ്വന്തം വീട് നോക്കാൻ കഴിയാത്ത താൻ പാർട്ടി നേതൃത്വത്തിലിരിക്കാൻ യോഗ്യനല്ലെന്ന് തിരിച്ചറിഞ്ഞാണ് രാജിയെന്നും, നേതൃത്വത്തോട് ആലോചിച്ചാണ് തീരുമാനം എടുത്തതെന്നും സന്തോഷ് ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലയിൻകീഴ് ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ബിജെപി സ്ഥാനാർഥി ആയി സന്തോഷ് മത്സരിച്ചിരുന്നു.