ട്രഷറിയെ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
പൊതുജനങ്ങള്‍ക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാര്‍ക്ക് സ്വന്തം മൊബൈല്‍ നമ്പരും ഇ-മെയില്‍ ഐ.ഡിയും ഉപയോഗിച്ച് ഓണ്‍ലൈനായി www.treasury.kerala.gov.in ലെ ഴൃശല്മിരല മെനുവില്‍ കയറി പരാതികള്‍ സമര്‍പ്പിക്കാം. പരാതിയുടെ ആധികാര്യത ഉറപ്പുവരുത്തുന്നതിനായി മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.റ്റി.പി നല്‍കേണ്ടതാണ്.പോര്‍ട്ടലില്‍ ലഭിക്കുന്ന പരാതികളില്‍ ട്രഷറി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാരസെല്‍ തുടര്‍ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ മെയിലില്‍ അറിയിക്കും.
ട്രഷറി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യമായ പരാതികള്‍ ബന്ധപ്പെട്ട ട്രഷറികളുടെ മെയിലിലോ നേരിട്ടോ തപാലിലോ നല്‍കാം. എല്ലാ ട്രഷറികളുടെയും മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെയും മെയില്‍ ഐ.ഡി www.treasury.kerala.gov.in ലെ ‘ട്രഷറി ഡയറക്ടറി’ എന്ന മെനുവില്‍ ലഭ്യമാണ്.ട്രഷറിയുമായി ബന്ധപ്പെട്ട പരാതികള്‍ ബന്ധപ്പെട്ട ജില്ലാ/ സബ് ട്രഷറി ഓഫീസര്‍ക്കു നല്‍കണം. പരിഹാരം കണ്ടതില്‍ ആക്ഷേപമുള്ള പക്ഷം ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും തുടര്‍ന്ന് വകുപ്പ് അധ്യക്ഷനും പരാതി നല്‍കാം. ജനങ്ങള്‍ ട്രഷറി ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ ലിങ്കുകള്‍ www.kerala.gov.in മായി ബന്ധപ്പെടുത്തിയിട്ടുണ്ട്.