വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്‌മെന്റുമെടുക്കാം
എല്ലാവരും ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ഇ ഹെല്‍ത്ത് സൗകര്യമുള്ള 303 ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാന്‍ സാധിക്കുന്നു. മാത്രമല്ല ആശുപത്രികളിലെ ക്യൂവും ഒഴിവാക്കാന്‍ കഴിയുന്നു. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യമായി യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കണം
ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കി ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും.
എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റ് എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.
സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.