November 9, 2024

‘പൊലീസിനേയും മറ്റു ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍’; പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

Share Now

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും പാലക്കാട് കെ സുരേന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുകയാണെന്നും പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യം ബിജെപി അധ്യക്ഷന്റേതായുണ്ട്. ആര്‍എസ്എസിനോ ബിജെപിക്കോ പൂരം കലങ്ങിയതില്‍ ഒരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി ഓടിയെത്തിയതിനെ സിപിഐയും വിഡി സതീശനും കുറ്റം പറയുന്നതെന്തിനെന്ന ചോദ്യവും കെ സുരേന്ദ്രന്റേതായുണ്ട്.

തൃശൂരില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ആശങ്കയിലായപ്പോള്‍ ഓടിയെത്തിയതാണോ സുരേഷ് ഗോപി ചെയ്ത കുറ്റമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികള്‍ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നുണ്ട്. ആര്‍എസ്എസിനോ ബിജെപിക്കോ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുന്ന കെ സുരേന്ദ്രന്‍ ആര്‍എസ്എസിനെ പറഞ്ഞാല്‍ ചില വോട്ടുകള്‍ കിട്ടുമെന്ന് വിചാരിച്ചാണ് സതീശന്‍ കള്ളം പറയുന്നതെന്നും പറഞ്ഞു.

പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തി. വെടിക്കെട്ട് മനഃപൂര്‍വ്വം വൈകിച്ചു. എല്ലാം സര്‍ക്കാരിന്റെ വീഴ്ചയാണ്. എന്നാല്‍ ഈ കാര്യത്തില്‍ പിണറായിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്തുണയ്ക്കുകയാണ്. ആര്‍എസ്എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

തൃശ്ശൂര്‍പൂരം കലക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്ന് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി എത്തുമ്പോളാണ് പൂരം കലക്കലില്‍ കെ സുരേന്ദ്രന്‍ സര്‍ക്കാരിനെ കുറ്റം പറയുന്നത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണെന്നും ആ സമയത്ത് ചില ആചാരങ്ങള്‍ ചുരുക്കി നടത്തുകയാണ് ഉണ്ടായതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണെന്നും വാര്‍ത്താക്കുറിപ്പല്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പൂരം കലങ്ങിയിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പറഞ്ഞാണ് ബിജെപി തൃശൂര്‍ പൂരത്തിലുണ്ടായ പ്രശ്‌നങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ്- സിപിഎം ഒത്തുകളിയാണ് പൂരം അട്ടിമറിയും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും പറയുന്നത്.

അതിനിടയില്‍ മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുകയാണെന്ന ആക്ഷേപവും പാലക്കാട് കെ സുരേന്ദ്രന്‍ ഉയര്‍ത്തുന്നുണ്ട്. വോട്ടുബാങ്കിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ബില്ലിനെതിരെ നിയമസഭയില്‍ ഐകകണ്ഠ്യേന പ്രമേയം അവതരിപ്പിച്ച ഭരണ പ്രതിപക്ഷങ്ങള്‍ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ വഖഫ് ബോര്‍ഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പിഎം ആർഷോയെ കോളേജിൽ നിന്നും പുറത്താക്കും; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ, എക്സിറ്റ് ഓപ്ഷൻ എടുക്കുമെന്ന് അർഷോ
Next post പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല; പൂരം കലക്കല്‍ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ്‌ഗോപി