വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായയാളെ ബാങ്കിൽ നിന്നും സസ്പെന്റ് ചെയ്തു.
ആര്യനാട്:വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായയാളെ ബാങ്കിൽ നിന്നും സസ്പെന്റ് ചെയ്തു.
അതെ സമയം പോലീസ് നടപടികൾ ഇപ്പോഴും അകലെയാണ്.
ആര്യനാട് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്യൂൺ ഷാജിയ്ക്കെതിരെയാണ് ഇക്കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ നടപടിയെടുത്തത്. ഐക്യകണഠേനയായിരുന്നു നടപടിയെടുക്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. മുൻപ് ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറികേസിൽ മതിയായ രേഖകളില്ലാതെ വായ്പ നൽകിയ സംഭവത്തിൽ അന്നത്തെ ഡി.വൈ.എഫ്.ഐ ഏരിയാ ട്രഷറർ കൂടിയായ ഷാജിയ്ക്കെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അന്തിമ റിപ്പോർട്ട് പാർട്ടി കമ്മിഷൻ നൽകുന്നതിന് മുൻപാണ് ഇപ്പോൾ ഇയാൾ പുതിയ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ഷാജി വാട്സ്ആപ്പിലൂടെ വീട്ടമ്മക്ക് മോശം സന്ദേശം അയച്ചെന്നും ഫോൺ വിളിച്ച് ശല്യം ചെയ്‌തെന്നും വീട്ടമ്മ ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു.പൊലിസ് നടപടി എടുക്കാൻ വൈകുന്നു എന്ന ആക്ഷേപം നിലാനൽക്കെ പോലീസിൽ പരാതി സ്വീകരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് സെക്രട്ടറി ഷാജിയോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടയിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുത്താൽ മതിയെന്ന് പാർട്ടി ബാങ്ക് ഭരണ സമിതിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ബാങ്ക് ഭരണ സമിതിയുടെ ഇപ്പോഴത്തെ നടപടി.
എസ്.എസ്.എൽ.സി തുല്യതാ പഠനക്ലാസിൽ വച്ചാണ് വീട്ടമ്മ ലോക്കൽ കമ്മിറ്റിയംഗത്തെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടമ്മയോട് ഇയാൾ കുറച്ച് നോട്ടുകൾ വാട്സ്ആപ്പിൽ ആവശ്യപ്പെട്ടു. നമ്പർ കൈവശമായപ്പോൾ മോശമായ രീതിയിൽ മെസേജുകൾ അയയയ്ക്കാനും തുടങ്ങി.
ഇത് വിലക്കിയതോടെ ലോക്കൽ കമ്മിറ്റി അംഗം അർദ്ധരാത്രിയിൽ മോശമായ മെസേജുകൾ അയച്ചെന്നും ഫോൺ വിളിക്കുന്നു എന്നും കൂടാതെ ഇയാൾ ജോലിചെയ്യുന്ന സഹകരണ ബാങ്കിൽ നിന്ന് ജാമ്യമില്ലാതെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് നിരന്തരം ശല്യപ്പെടുത്തുകയാണെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ പരാതി നൽകുന്നതിന് മുമ്പ് വീട്ടമ്മ സി.പി.എം ജില്ലാ സെക്രട്ടറിക്കും സഹകരണ ബാങ്ക് പ്രസിഡന്റിനും വാട്സ്ആപ്പ് മെസേജുകൾ ഉൾപ്പെടെ കൈമാറിയെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെയാണ് വീട്ടമ്മ ആര്യനാട് പൊലീസിനെ സമീപിച്ചത്.