November 3, 2024

പോലീസില്‍ സമത്വപൂര്‍ണ്ണമായ തൊഴിലിടം ഒരുക്കും : മന്ത്രി ബാലഗോപാൽ

Share Now

സുരക്ഷിതവും വിവേചനരഹിതവും സമത്വപൂര്‍ണ്ണവുമായ തൊഴിലിടം വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിത പോലീസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അച്ചടക്കം മുഖമുദ്രയാക്കിയ പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ സാധിക്കണം. പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് പരിഹരിക്കാന്‍ കഴിയണം. ഇത്തരം സമ്മേളനങ്ങള്‍ അതിനുളള വേദിയാകണമെന്ന് മന്ത്രി പറഞ്ഞു.

പോലീസിലേയ്ക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്‍റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നല്‍കിയത്. മാറ്റത്തിന്‍റെ മുഖമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍. പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസിന്‍റെ സാന്നിധ്യം പരാതിക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. പോലീസിലെ സാങ്കേതിക വിഭാഗങ്ങളായ സൈബര്‍ പോലീസ്, ടെലിക്കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ കൂടി വനിത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി കെ.പത്മകുമാര്‍ സ്വാഗതം ആശംസിച്ചു. ഐ.ജി ഹര്‍ഷിത അത്തല്ലൂരി നന്ദി പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന വനിത പോലീസ് ഉദ്യോഗസ്ഥര്‍ ദിനംപ്രതി നിരവധി പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മുതല്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം വരെ ഇതില്‍പ്പെടുന്നു. വിവിധ റാങ്കുകളിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും യഥാസമയം പരിഹരിക്കാന്‍ കഴിയാതെ പോകുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നും സ്പെഷ്യല്‍ യൂണിറ്റുകളില്‍ നിന്നും സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഇന്‍സ്പെക്ടര്‍ വരെയുളള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തില്‍ വിപുലമായ സംഗമം നടത്തുന്നത്. 185 പേരാണ് രണ്ടുദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്. റാങ്ക് വ്യത്യാസമില്ലാതെ ഇത്രയും പോലീസുകാരെ ക്ഷണിച്ചുവരുത്തി ഈ വിഷയത്തില്‍ അഭിപ്രായം കേള്‍ക്കുന്നത് ഇതാദ്യമാണ്.

ആധുനിക സാങ്കേതികവിദ്യയില്‍ വനിത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്ന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം രാവിലെ ക്ലാസെടുത്തു. ഉച്ചയ്ക്കു ശേഷം ആറു സംഘങ്ങളായി തിരിഞ്ഞ് വനിത പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. വെളളിയാഴ്ച രാവിലെ ഈ വിഷയങ്ങള്‍ രണ്ടു വിദഗ്ദ്ധ പാനലിനുമുന്നില്‍ അവതരിപ്പിക്കും. ഐ.പി.എസ് ഉദ്യോഗസ്ഥരായ ബി.സന്ധ്യ, കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം എന്നിവരും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ജേക്കബ് പുന്നൂസ്, എ.ഹേമചന്ദ്രന്‍ എന്നിവരും മൃദുല്‍ ഈപ്പന്‍, ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ.എം.ബീന എന്നിവരും അടങ്ങിയതാണ് പാനല്‍. എ.ഡി.ജി.പി കെ. പത്മകുമാറിന്‍റെ നേതൃത്വത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും. നയരൂപീകരണവേളകളില്‍ ഈ രേഖ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഏറെ ഫലപ്രദമാകും.

വെളളിയാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുളത്തുമ്മൽ എൽ പി എസിന് പുതിയ ബസ് അനുവദിച്ചു നാളെ ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.
Next post സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച  കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.