വിഷുകണിക്കായി കണ്ണന്മാർ ഒരുങ്ങി.
നൂറ്റി അൻപത് മുതൽ ആയിരം രൂപവരെയും തുകക്ക് മൂല്യമുള്ള ശിൽപ്പങ്ങൾ
കാട്ടാക്കട
മേടം പുലർന്നു വിഷുക്കണിക്കായി നാടൊരുങ്ങുമ്പോൾ കണിയൊരുക്കാൻ പൂജാമുറിയിൽ പ്രതിഷ്ഠിക്കാനുള്ള കണ്ണന്റെ അതിമനോഹര ശില്പങ്ങൾ തയാറാക്കി വച്ചിരിക്കുകയാണ് രാജസ്ഥാനി ശിൽപികൾ.എല്ലാ വർഷവും വിഷു, നവരാത്രി, ക്രിസ്തുമസ് തുടങ്ങി എല്ലാവിശേഷവുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുൻപ് തന്നെ ഇവർ കാട്ടാക്കട ബാലരമപുരം റോഡിൽ സ്ഥാനം പിടിക്കും.കൊറോണ കാരണം കഴിഞ്ഞ രണ്ടു വർഷത്തെ കടുത്ത പ്രതിസന്ധി ഈ മേടത്തിൽ പരിഹാരം ആകുമെന്നാണ് ഇവരുടെ വിശ്വാസം.വിൽപ്പനയ്ക്കായി എത്തിച്ചവയിൽ ഭൂരിഭാഗവും ആളുകൾ വാങ്ങി കഴിഞ്ഞു.
കാട്ടാക്കട നെയ്യാറ്റിൻകര ബാലരാമപുരം റോഡിൽ ദേവി ആഡിറ്റോറിയത്തിന് എതിർ വശത്ത് പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ചു മനോഹരമായി പെയിന്റിങ് ചെയ്ത ശിൽപ്പങ്ങൾ നിരത്തി വച്ചിരിക്കുകയാണ്. വെണ്ണക്കണ്ണനും, രാധാ സമേതാ കൃഷ്ണനും , പശുവുമായി കൃഷ്ണനും എന്ന് വേണ്ട ജീവൻതുടിക്കുന്ന കാർവർണ്ണൻ തുടങ്ങി കണ്ടാൽ വെങ്കല ശിൽപ്പം എന്ന് തോന്നിക്കും വിധമുള്ള ശില്പങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് നവരാത്രിയോട് അനുബന്ധിച്ചു ഇവർ ഗണപതി, സരസ്വതി, കൃഷ്ണൻ തുടങ്ങി ദേവി ദേവന്മാരുടെയും ശില്പങ്ങളുമായി എത്തിയിരുന്നു. ശേഷം ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വിഷു, നവരാത്രി സീസണുകൾ ഇവർക്ക് കച്ചവടത്തിന് എത്താൻ കഴിഞ്ഞില്ല.ഈ വർഷക്കാലം വലിയ പ്രതിസന്ധിയിലായിരുന്നു ഇവരുടെ ജീവിതം. ഇത്തവണ കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ശില്പങ്ങളുമായി വീണ്ടും എത്തിയത്. 150 രൂപ മുതൽ 1500 രൂപ വരെയുള്ള വിവിധ വലിപ്പത്തിൽ ഉള്ള ശിൽപ്പങ്ങൾ ആണുള്ളത്. ഒരടി മുതൽ അഞ്ചടി വരെയുള്ള ശിൽപ്പങ്ങളും ഇവരുടെ പക്കൽ ഉണ്ട്. ഇതിനു നേരിയ വിലവ്യത്യാസം ഉണ്ടാകും. കടുത്ത വേനലും ഇടയ്ക്കു പെയ്യുന്ന മഴയും ഇവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ശിൽപ്പങ്ങൾ നിർമ്മിച്ച് ഇവിടെ എത്തിക്കാനുള്ള ചിലവും ,മറ്റു ദൈനംദിന ചിലവുകളും ഒക്കെ ഭീമമാണ്. രണ്ടായിരം രൂപയുടെ കച്ചവടം എങ്കിലും നടന്നാലേ അരിഷ്ടിച് ചെലവുകളാകുകയുള്ളു.ആശങ്കയോടെ വിപണിയെ നേരിടുമ്പോൾ രാത്രി കാലങ്ങളിൽ ഇവർ മൂടി കെട്ടി വച്ച് പോകുന്ന ശിൽപ്പങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്.പകൽ വിലതർക്കിച്ചു പോകുന്നവരിൽ നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ട് എന്നു ഇവർ പറഞ്ഞു. അച്ചിൽ തീർത്തു കൊണ്ടുവരുന്ന ശില്പങ്ങൾ വഴിയരികിൽ ഇരുന്നു തന്നെയാണ് വർണ്ണങ്ങൾ ചലിച്ചു മനോഹരമാക്കുന്നത്. എങ്കിലും ഇവരിൽ പലർക്കും ദിവസവേതനമാണ് ലഭിക്കുന്നത്.ഇതറിയാതെയാണ് ഇവരെ ദ്രോഹിക്കാനായി ഇറങ്ങി തിരിക്കുന്നത്.പൊത്തുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് ഇവരുടെ ദിവസവേതനത്തിൽ നിന്നാകും ഇവർക്ക് കച്ചവട സൗകര്യം ഒരുക്കി കൊടുക്കുന്നവർ ചെയ്യുക. ആകർഷകമായ വർണ്ണങ്ങളും മനോഹാരിതയുമുല്ല കണ്ണന്റെ ശിൽപ്പങ്ങൾ ഏവരെയും ആകർഷിക്കുന്നുണ്ട്. വാഹനങ്ങളിൽ കടന്നു പോകുന്നവർ വരെ ഇവർക്കരികിലേക്കു എത്തുന്നുണ്ട്. ചിലർ വിലപേശി കടന്നു പോകുന്നുണ്ടെങ്കിലും ശില്പത്തിന്റെ നിർമ്മാണ ജോലികളും വർണ്ണ മനോഹാരിതയും ഒക്കെ കൂടിയാകുമ്പോൾ ആവശ്യപ്പെടുന്ന തുകയ്ക്കുള്ളതിനെകാൾ മൂല്യം ഉണ്ടെന്നാണ് ശിൽപ്പങ്ങൾ വാങ്ങിയവരുടെ പക്ഷം.
പണ്ടുകാലങ്ങളിൽ ക്ഷേത്രങ്ങളിലും അപൂർവ്വം ചില സ്ഥലങ്ങളിലും മാത്രമാണ് കൃഷ്ണ വിഗ്രഹങ്ങൾ കണിക്കായി കണ്ടിട്ടുള്ളത്. വീടുകളിൽ ചില്ലിട്ട ചിത്രങ്ങളും,ചെറിയ മൺ പ്രതിമകളും ഒക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ഉത്തരേന്ത്യക്കാർ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ശില്പങ്ങളുമായി നമ്മുടെ നാട്ടിൽ എത്തിയതോടെ ഗണപതിയും,കൃഷ്ണനും, സരസ്വതി ദേവിയും, മഹാദേവനും ഒക്കെ പൂജാമുറിയിൽ വിശിഷ്യാ നവരാത്രി പൂജക്കും, വിഷുവിനും ഒക്കെ സ്ഥാനം ആയി. ലോഹ ശില്പങ്ങളിൽ നിന്നും മൺ ശില്പങ്ങളിൽ നിന്നും താരതമ്യേന വിലക്കുറവും ആകർഷണീയതയും പ്ലാസ്റ്റർ ഓഫ് പാരീസ് ശില്പങ്ങൾക്കുണ്ട് എന്നതാണ് ഈ സ്വീകാര്യത വർധിച്ചത്. നടരാജ വിഗ്രഹങ്ങൾ ആയിരുന്നു ആദ്യകാലങ്ങളിൽ ഇതര സംസ്ഥാന കലാകാരന്മാർ ഇവിടെ എത്തിച്ചിരുന്നത്. കാഴ്ചയിൽ വെങ്കലമെന്നോ മറ്റേതെങ്കിലും ലോഹം കൊണ്ട് നിർമ്മിച്ചവയെന്നോ തോന്നും വിധമായിരുന്നു പ്ലാസ്റ്റർ ഓഫ് പാരീസിൽ ഇവയുടെ നിർമ്മാണം.ക്രമേണ ഇവ വിഷുവിനും, പൂജവയ്പ്പിനും വിപണി കീഴടക്കി. കേരളത്തിൽ സ്വീകാര്യത ഏറിയതോടെ കുടുംബമായി ഇവർ തമ്പടിച്ചു നിർമ്മാണവും പൈന്റിങ്ങും എല്ലാം ചെയ്തു തുടങ്ങി. തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചലിൽ ആണ് ഇവരുടെ കേന്ദ്രം. വെള്ള നിറത്തിൽ മാത്രം ലഭിച്ചിരുന്ന പ്ലാസ്റ്റർ ഓഫ് പാരീസ് ശിൽപ്പങ്ങൾ ഇന്ന് വിവിധ വർണ്ണത്തിൽ മനോഹരമായി തീർത്തിട്ടുണ്ട്.