മൂന്നു പതിറ്റാണ്ടിനു ശേഷം നെല്കൃഷിയുമായി യുവ കർഷകൻ
നെയ്യാർ ഡാം .
മൂന്ന് പതിറ്റാണ്ടിനു ശേഷം പാടത്തു ഞാറു നട്ടു ഭക്ഷ്യ സമ്പത്തിനു തുടക്കമിടുകയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പെരിഞാങ്കടവ് വാർഡിലെ കുഴിവിളാകത്തു വീട്ടിൽ യുവ കർഷകനായ സാമുവേൽ. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിലേക്ക് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തിന്റെയും കള്ളിക്കാട് കൃഷി ഭവന്റെയും ആഭിമുഖ്യത്തിലാണ് ജൈവ വളം ഉപയോഗിച്ചുള്ള നെൽകൃഷിക്ക് തുടക്കമാകുന്നത്.ഡിഗ്രി പഠനം പൂർത്തിയാക്കി സ്വകാര്യ മേഖലയിൽ ജോലി നോക്കിയിരുന്ന സാമുവേലിന് അച്ഛന്റെ കൃഷി താല്പര്യങ്ങളായിരുന്നു കൂടുതൽ പകർന്നു കിട്ടിയത്. ഈ താല്പര്യമാണ് ഇപ്പോൾ പാട്ടേക്കോണത് മുപ്പതു സെന്ററിൽ ഉണ്ടായിരുന്ന അൻപതോളം റബ്ബർ മരങ്ങൾ മുറിച്ചു നീക്കി നെൽകൃഷിക്ക് സജ്ജമാക്കിയത് .വാഴ ഉൾപ്പടെ കൃഷി ചെയ്യ്തിരുന്ന സാമുവേൽ വന്യമൃഗ ശല്യം രൂക്ഷമായിരുന്നതിനാൽ കൃഷിയിൽ കുറച്ചു പിന്നോട്ട് പോയി എങ്കിലും ഇപ്പോൾ സോളാർ ഫെൻസിങ് വച്ചതോടെ ഇവയുടെ ശല്യം ഒഴിവായി ഈ സാഹചര്യവും നെൽക്കൃഷിയിലേക്ക് ചുവടുവയ്ക്കാൻ ഇടയായി എന്നും സാമുവേൽ പറഞ്ഞു.മാതൃക കർഷകനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയത് കർഷകനായ രാജുവിന്റെ ഉപദേശവും സഹായവും ഈ യുവകര്ഷകന് കൂട്ടായുണ്ട്. കള്ളിക്കാട് കൃഷി ഓഫീസർ ഷിൻസി,വാർഡ് അംഗം പ്രതീഷ് മുരളി എന്നിവരും ഞാറുനടീലിൽ പങ്കാളികളായി .സാമുവലിന്റെ കുടുംബവും ഇദ്ദേഹത്തിന്റെ താൽപര്യങ്ങൾക്കു പ്രോത്സാഹനമായി ഒപ്പമുണ്ട്. എട്ടുവയസുകാരനായ മകൻ ജോഷോ ആണ് കൃഷികാര്യത്തിൽ അച്ഛന് ഏറ്റവും പിന്തുണയും സഹായവുമായി ഒപ്പം നിലമൊരുക്കുന്നതിനും ഞാറുനടീലിനും ഒക്കെ ഓടിനടക്കുന്നത്.ചാരുപാറ വയോജനകേന്ദ്രത്തിലെ നഴ്‌സായിരുന്ന ഭാര്യ മഞ്ജവും പൂര്ണപിന്തുണയുമായി സാമുവേലിന് ഒപ്പമുണ്ട്. ലോകത്തിനു പുറകെ നമ്മൾ ഓടുമ്പോൾ ആരോഗ്യകരമായ ജീവിതത്തിനു വിഷമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ അനിവാര്യമാണ് അതിനാൽ കഴിയുന്ന രീതിയിൽ വീടുകളിൽ ചെറിയ തോതിലെങ്കിലും കൃഷി ചെയ്യാൻ തയാറാകണമെന്നാണ് സാമുവേലിനു പുതു തലമുറയോട് പറയാനുള്ളത് . കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണിതെന്നു കൃഷി ഓഫീസർ ഷിൻസി പറഞ്ഞു.കൃഷി ഓഫീസർ ഷിൻസിയാണ് ഞാറുനടീൽ ഉദ്‌ഘാടനം ചെയ്തത്. പ്രദേശത്തു കുട്ടികളും ചെറുപ്പക്കാരും വൃദ്ധരും ആൺപെൺ വ്യത്യാസ മില്ലാതെ ഞാറുനടീൽ ഉത്സവമാക്കി.