November 4, 2024

യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം

Share Now

തിരുവനന്തപുരം:
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആശയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷ് എം.എസ്. എന്നിവർ ഉടൻ സ്ഥലത്തെത്തി ആശയുമായി ആശുപത്രിയിലേക്ക് തിരിച്ചു. അട്ടകുളങ്ങര ഭാഗം എത്തിയപ്പോൾ ആശയുടെ ആരോഗ്യനില വഷളാവുകയും വിനീഷിന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി ആംബുലൻസിനുള്ളിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.  2.35ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷിന്റെ പരിചരണത്തിൽ ആശ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വിനീഷ് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് രാജേഷ് ഇരുവരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. യേശുദാസൻ ആശ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിൽ നടക്കുന്ന രണ്ടാമത്തെ പ്രസവം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെഎൽസിഎ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആവേശജ്വലമായ തുടക്കം
Next post ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു.