തട്ടിപ്പ് കേസിൽ വനിതാ പിടിയിൽ
വിളപ്പിൽശാല :
പിഎസ്‌സി വഴി പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി നൽകാമെന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിച്ച കേസിൽ യുവതി പിടിയിലായി. പേരൂർക്കട, മണ്ണാമൂല ലൈനിൽ പോലീസ് സ്റ്റേഷന് സമീപം ഗാന്ധി സ്ട്രീറ്റിൽ പങ്കജവിലത്തിൽ നിന്നും പേട്ട പ്രിയശ്രീ വീട്ടിൽ താമസിക്കുന്ന ശുഭ (42) നെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
പി.എസ്.സി. വഴി തിരുവനന്തപുരം പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയാണ് ഇവർ. വിളപ്പിൽശാല, പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരിൽനിന്നും 38000 രൂപ അറസ്റ്റിലായ ശുഭ കൈപ്പറ്റിയശേഷം മുങ്ങിയിരുന്നു. കബളിപ്പിക്കലിന് ഇരയായ ദമ്പതികളുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച വിളപ്പിൽശാല പൊലീസിന് , കോഴിക്കോട് ബാലുശ്ശേരിക്കടുത്തുള്ള കാട്ടാമ്പാടി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയാണെന്ന് വിവരം ലഭിച്ചു. റൂറൽ എസ്.പി. ഡോ.ദിവ്യാ ഗോപിനാഥന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ എസ്.പി. കെഎസ്.പ്രശാന്ത്, വിളപ്പിൽശാല ഇൻസ്‌പെക്ടർ എൻ. സുരേഷ്‌കുമാർ, സിപിഒ സ്വാതി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ശുഭ മണ്ണന്തല പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ജില്ലയിലെ നിരവധി സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനു അന്വേഷണം നേരിടുകയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആർഭാട ജീവിതത്തിനു ഉപയോഗിക്കുകയാണ് പതിവെന്ന് വിളപ്പിൽശാല പോലീസ് പറഞ്ഞു.