മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ;
മുൻ നേവി ഉദ്യോഗസ്ഥൻ വേദിയിൽ കയറാൻ ശ്രമിച്ചു
കാട്ടാക്കട:മുഖ്യമന്ത്രിയുടെ ഉദ്ഘാടന വേദിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച മുൻ നേവി ഉദ്യോഗസ്ഥനും വി എസ് എസ് സി കുക്കുമായ ആളെ പൊലീസ് പിടികൂടി. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടന യോഗം പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഭവം .ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചതോടെയാണ് പുറകിൽ നിന്ന ഇയാൾ സ്റ്റേജിന്റെ മുന്നിലേയ്ക്ക് കടന്നു കയറിയത് .മുഖ്യമന്ത്രിയുടെ സുരക്ഷാ സന്നാഹങ്ങളെല്ലാം മറികടന്നു എത്തിയ ഇയാളെ പൊലീസ് പിടികൂടുമ്പോൾ ഇക്കഴിഞ്ഞ ആറാംതീയതി മഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിന്റെ പകർപ്പ് ഉയർത്തി കാണിച്ചു എനിക്ക് മുഖ്യമന്ത്രിയെ കാണണം അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല രണ്ടുവാക്ക് സംസാരിക്കണം ഏന് പറഞ്ഞാണ് ബഹളം വച്ചത്. കാട്ടാക്കട കാനക്കോട് ക്രിസ്തുരാജ ഭവനിൽ റിട്ട അദ്ധ്യാപകരുടെ മകനും ഇപ്പോൾ ധനുവച്ചപുരം മഞ്ചവിളാകം ആശിർവ്വാദത്തിലെ താമസകാരനുമായ മിനികുമാർ(54) ആണ് പോലീസിന്റെയും സംഘടകരുടെയും പ്രവർത്തകരുടെയും പിടിയിലമർന്നതു.ചടങ്ങിനെതിരെയും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്ക് എതിരായും ആണ് ഇയാൾ ബഹളം വച്ചതു എന്ന ചിന്തയിൽ എത്തിയവർ ഇയാളെ കണക്കിന് പെരുമാറുകയും ചെയ്തു.എന്നാൽ പോലീസ് ഇവരിൽ നിന്നും വളരെ പ്രയാസപ്പെട്ടു സുരക്ഷിതമാക്കി ജീപ്പിലേക്ക് എത്തിച്ചു സ്റ്റേഷനിലേക്ക് മാറ്റി. ഭാര്യയും രണ്ട് മക്കളുമുള്ള ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് കാട്ടാക്കട പൊലീസ് പറയുന്നു.പൊലീസ് പിടികൂടിയതറിഞ്ഞ് എത്തിയ ഭാര്യ ഇയാളുടെ ചികിത്സാ രേഖകളും മറ്റും ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.തുടർന്ന് ഇയാളെ ഭാര്യയ്ക്കൊപ്പം ചിക്തിസയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഫെബ്രുവരി ആറിന് എഴുതിയ കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ,
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്.
സഖാവെ,
രണ്ട് പത്രശകലങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.കേന്ദ്ര ബഡ്ജറ്റിൽ റെയിൽവേ കേരളത്തെ അവഗണിച്ച സാഹചര്യത്തിൽ കെ.റെയിൽ അനിവാര്യമാണ്.അങ്ങയുടെ ധാർഷ്ഠ്യവും ദൃഢനിശ്ചയവും എനിയ്ക്ക് വളരെ ഇഷ്ടമാണ്.എന്നാൽ ഇ.ശ്രീധരൻ എന്ന കഴിവുള്ള മുൻ റെയിൽവേ എൻജിനിയറെ അവഗണിക്കരുത്.പൂർണ്ണമായും ആകാശപാതയെന്ന അദ്ദേഹത്തിന്റെ ആശയം കേരള ഭൂപ്രകൃതിയിക്ക് വളരെ അനുയോജ്യമാണ്.കക്ഷി രാഷ്ട്രീയം നോക്കാതെ എത്രയും വേഗം കെറെയിൽ യാഥാർത്ഥ്യമാക്കുക.
കത്ത് തുടരുന്നു,
ഇന്ന് ഞായറാഴ്ച.വിശ്വാസിയായ എനിയ്ക്ക് ദേവാലയത്തിൽ പോയി കുർബാന സ്വീകരിക്കാൻ സാദ്ധ്യമായില്ല.എന്റെ നാട്ടിൽ ജില്ലാ സമ്മേളനത്തിൽ 550തോളം പേർ കൈകൊട്ടി തിരുവാതിര കളിച്ചപ്പോൾ ഇന്ന് പള്ളിയിൽ പോകാൻ 20പേർ.ഇതെന്ത് ന്യായവും നീതിയുമാണ്.ക്രിസ്ത്യാനിയുടേയും വോട്ടുകൊണ്ടാണ് അങ്ങ് ഈ സ്ഥാനത്ത് രണ്ടാമതും വന്നതെന്ന് ദായവായി ഓർക്കണം.ജില്ലാ സമ്മേളനം ജനുവരിയിൽ കഴിഞ്ഞിട്ടും ഇപ്പോഴും അങ്ങയുടെ പൂർണ്ണകായ കട്ടൗട്ടറുകയും ഫ്ലക്സുകളും നിറഞ്ഞുനിൽക്കുന്നു.ഇതെല്ലാം അടിയന്തിരമായി മാറ്റുവാൻ കനിവുണ്ടാകണം.സഖാവ് പിണറായി വിജയൻ മലയാളികളുടെ മനസിൽ നിറഞ്ഞുനിന്നാൽ പോരെ.അങ്ങയെ എനിയ്ക്ക് നേരിൽ കാണെണമെന്ന് ആഗ്രഹമുണ്ട്.ഈ കത്ത് കിട്ടുമ്പോൾ അതിനുള്ള അനുമതി ലഭിക്കുമെന്ന് കരുതുന്നു.എല്ലാ വിധ വിപ്ലവാശംസകളോടെ നിർത്തുന്നു.ലാൽസലാം.എം.എഫ്.മിനികുമാർ.