November 9, 2024

സി ഡി എസ് ചെയർ  പേഴ്‌സൺ തെരഞ്ഞെടുപ്പ്  തർക്കവും സംഘർഷവും .

Share Now

സി ഡി എസ് ചെയർ  പേഴ്‌സൺ തെരഞ്ഞെടുപ്പ്  തർക്കവും സംഘർഷവും .പാർട്ടി തീരുമാനം ലംഘിച്ചു മുൻ ചെയർ  പേഴ്‌സൺ വിമതയായി മത്സരിച്ചു.ഔദ്യോഗിക സ്ഥാനാർത്ഥിയെ ലോട്ടിലൂടെ പരാജയപ്പെടുത്തി മുൻ ചെയർ  പേഴ്‌സൺ .ഒടുവിൽ അയോഗ്യഎന്ന് റിട്ടേണിങ് ഓഫീസർ .ചോദ്യം ചെയ്ത ബ്ലോക്ക് അംഗത്തിന് പോലീസ് മർദ്ദനമെന്നു ആരോപണം .കുറ്റിച്ചലിൽ  സംഘർഷവും  റോഡ് ഉപരോധവും

കുറ്റിച്ചൽ:

കുറ്റിച്ചൽ പഞ്ചായത്തിലെ സി.ഡി.എസ്  ചെയർ പേഴ്‌സൺ  തിരഞ്ഞെടുപ്പിൽ ബഹളവും തർക്കവും സംഘർഷാവസ്ഥയിൽ എത്തിച്ചു.സംഭവത്തിനിടെ തെരഞ്ഞെടുപ്പ് നിർണ്ണയത്തിലെ പിഴവ് ചൂണ്ടി കാണിച്ചു ചോദ്യം ചെയ്ത ബ്ലോക്ക്  പ്രസിഡന്റിനെ അറസ്റ്റ്  ചെയ്തു നീക്കി.ബ്ലോക്ക് പ്രസിഡന്റിനെ പോലീസ് മർദിച്ചെന്നാരോപിച്ചു ഒടുവിൽ റോഡ്‌ ഉപരോധംവരെയെത്തി കാര്യങ്ങൾ.കുറ്റിച്ചൽ ആഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

    രണ്ട് തവണയിൽ കൂടുതൽ ചെയർപേഴ്സണായി മത്സരിക്കാൻ പാടില്ലന്ന കുടുംബശ്രീ  ചട്ടം അനുസരിച്ച് നിലവിൽ സി ഡി എസ് ചെയർ  പേഴ്‌സൺ ആയിരുന്ന ജ്യോതി ചന്ദ്രന് പകരം ഭരണകക്ഷിയായ സി.പി.എം ഇത്തവണ ജനാധിപത്യ മഹിളാ അസോസിയേഷൻ കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി അംഗവും, സി.പി.എം മന്തിക്കളം ബ്രാഞ്ച് സെക്രട്ടറിയുമായ ഷിജിയെ നിർദേശിച്ചു.എന്നാൽ ജ്യോതി ചന്ദ്രൻ പാർട്ടി തീരുമാനം ലംഘിച്ച് വിമതയായി മത്സര രംഗത്തെത്തി കോൺഗ്രസ്,ബിജെപി പിന്തുണയോടെ  വിജയിക്കുകയും ചെയ്തു.എന്നാൽ റിട്ടേർണിംഗ് ഓഫീസർ കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയമം അനുസരിച്ചു ജ്യോതിയെ അയോഗ്യയാക്കുകയും ഷിജിയെ വിജയ് ആയി പ്രഖ്യാപിക്കുകയും ചെയ്തു മിനിട്സിൽ രേഖയാക്കി.ഇതാണ് സംഭവങ്ങൾക്ക് ആധാരമായത്.

                 പഞ്ചായത്തിൽ ആകെ 14 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങൾ ചെയർപേഴ്സനെ തെരഞ്ഞെടുക്കാനുള്ള സമയത്ത് മുൻ ചെയർപേഴ്സൺ ജ്യോതി ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മല്സരത്തിനിറങ്ങുകയായിരുന്നു.ഇതോടെ രാഷ്ട്രീയാതീതമായി അംഗങ്ങൾ  രണ്ടു ചേരികളിലായി തിരിയുകയും ഒടുവിൽ വോട്ടിംഗ്‌ നടന്നപ്പോൾ ഇരുവരും ഏഴ് വീതം വോട്ടുകൾ നേടി സമനിലയിൽ ആയി .ഇതോടെ   ലോട്ടിലൂടെ  ജ്യോതിചന്ദ്രനെ തന്നെ വീണ്ടും ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.റിട്ടേണിംഗ് ഓഫീസർ സി.ഡി.എസ് ചെയർപേഴ്സൺ ആവർത്തിച്ച് വരാൻ പാടില്ലന്ന കുടുംബശ്രീയുടെ നിയമമാണെന്ന് അറിയിച്ചു.ഇതോടെ ജ്യോതിചന്ദ്രന്  അയോഗ്യത കൽപിച്ച് ഷിജിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. അയോഗ്യ ആകണമെങ്കിൽ തെരഞ്ഞെടുപ്പിന് മുൻപ് ആയിരുന്നു ചെയ്യേണ്ടത് എന്നും തെരഞ്ഞെടുപ്പ് ലോട്ടും കഴിഞ്ഞ ശേഷം ഉള്ള നടപടി നീതിയുക്തമല്ല എന്ന് ബ്ലോക്ക് പ്രസിഡണ്ട്  സുനിൽകുമാർ ഉന്നയിച്ചു.ഇതോടെ സ്ഥലത്തു തർക്കങ്ങളും വാക്ക് പോരുകളുമായി  ഇത്  പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു .മത്സരിച്ച ശേഷം നറുക്കെടുപ്പിലും വിജയിച്ച ആളെ ആയോഗ്യ ആക്കിയ നടപടിക്കെതിരെയാണ്  ശക്തമായ പ്രതിഷേധം ഉയർന്നത് .ഒടുവിൽ പൊലീസ് എത്തി പ്രശ്‌നത്തിൽ ഇടപെടുകയും പ്രശ്നം രൂക്ഷമായതോടെ    കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതുവരെ കാര്യങ്ങൾ എത്തി.ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന നെയ്യാർഡാം സർക്കിൾ ഇൻസ്പെക്ടറും ഒരു പൊലീസുകാരനും ചേർന്ന്  മണ്ഡലം പ്രസിഡന്റിനെ മർദിച്ചെന്നാരോപിച്ചു കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളി തുടങ്ങി .ഇതോടെ തെരുവിലായ സംഭവം  കുറ്റിച്ചലിൽ മണിക്കൂറോളം  ഗതാഗത സ്തംഭനത്തിനു ഇടയാക്കി.പോലീസ് മർദിച്ചെന്നാരോപിച്ചു സുനിൽകുമാറിന്റെ വെള്ളനാട്   കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ജനപ്രതിനിധിയാണെന്നു അറിയിച്ചിട്ടും ഇത് അവഗണിച്ചാണ് തന്നെ മർദിച്ചത് എന്ന് സുനിൽകുമാർ പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരികാം എന്ന് പോലീസ് അറിയിച്ചതോടെയാണ് പ്രതിഷേധത്തിന് അയവു വന്നത് എങ്കിലും  കുറ്റിച്ചലിൽ   അനിശ്ചിതാവസ്ഥ തുടരുന്നു.അതേസമയം  സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ് .  കോൺഗ്രസ് നേതാക്കളായ സി.ആർ.ഉദയകുമാർ,കുറ്റിച്ചൽ വേലപ്പൻ,ജ്യോതികുമാർ,ഗിരീശൻ,സാജൻ ഉത്തരംകോട് തുടങ്ങിയവർ ആശുപത്രിയിൽ മണ്ഡലം പ്രസിഡന്റിനെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുതിർന്ന നേതാവ് എ രഘുരാമൻ അന്തരിച്ചു
Next post ലിഫ്റ്റില്‍ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് ഉടന്‍ നടപടി ;മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു