November 9, 2024

ആറ്റുകാല്‍ പൊങ്കാല ഇന്ന് വീടുകളിൽ ; ആറ്റുകാൽ പൊങ്കാല സമർപ്പിക്കേണ്ടത് എങ്ങനെ?

Share Now


ആറ്റുകാല്‍ പൊങ്കാല

രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്… പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങള്‍ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചിട്ടില്ല. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ചഉണ്ടാകുമെങ്കിലും പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ടനിവേദ്യവും ഉണ്ടാകില്ലെന്നും ഭാരവാഹികള്‍

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ലോകത്തിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ഈശ്വര ആരാധന സമ്മേളനമായാണ് വിലയിരുത്തുന്നത്. ഗിന്നസ് ലോക റെക്കോർഡ് പുസ്തകത്തിൽ സ്ഥാനം പിടിച്ച ആറ്റുകാൽ പൊങ്കാല വനിതകളുടെ മാത്രം ഉത്സവമാണ്. അരി, തേങ്ങ, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന പൊങ്കാല ആറ്റുകാൽ ദേവിക്ക് സമർപ്പിച്ചാൽ, ദേവി സന്തുഷ്ടയാകുമെന്നും ഭക്തരെ അനുഗ്രഹിക്കുമെന്നും വിശ്വാസം. ആറ്റുകാൽ പൊങ്കാലയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ അത് ഒരു തവണയെങ്കിലും അനുഭവിച്ചു അറിയണം. തിരുവനന്തപുരം നഗരം മനുഷ്യ മഹാ സാഗരമാകുന്ന അപൂർവ വേളയാണ് ആറ്റുകാൽ പൊങ്കാല ഉത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.
ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 മുതൽ 7 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

തിരുവനന്തപുരം ജില്ലയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ -കുംഭം മാസത്തിൽ നടക്കുന്നു. ക്ഷേത്രം ഉത്സവത്തിന്റെ ഒൻപതാം ദിവസമാണ് പൊങ്കാല സമർപ്പണം. പൊങ്കാല സമയത്തു സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും പരിസരങ്ങളും ജനനിബിഡമാവാറുണ്ട്. ദ്രാവിഡ ജനതയുടെ ദൈവ ആരാധനയുമായി ബന്ധപ്പെട്ട ഒരാചാരമാണ് പൊങ്കാല. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ മനസ്സിലെ ആഗ്രഹം സാധിച്ചു തരും എന്നുള്ള ഉറപ്പാണ് പൊങ്കാലയിലേക് സ്ത്രീ ജനങ്ങളെ ആകർഷിക്കുന്ന പ്രധാന കാരണം. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും (9, 7, 3)വ്രതം നോറ്റിട്ടാണ് പൊങ്കാലയിൽ പങ്കെടുക്കുന്നത്. മത്സ്യ മാംസാദികൾ വെടിഞ്ഞു സസ്യാഹാരം മാത്രം കഴിച്ചു പൊങ്കാലയുടെ തലേ ദിവസം ഒരു നേരം ആഹാരം കഴിച്ചുമൊക്കെയാണ് വ്രതം അനുഷ്ഠിക്കുന്നത്. ക്ഷേത്ര ദർശനം നടത്തി അമ്മയിൽ നിന്നു അനുവാദം വാങ്ങിച്ചിട്ടാണ് പൊങ്കാലയിടുന്നത്. അമൃത വർഷിണിയായ മാതൃ ഭാവമാണ് ആറ്റുകാലമ്മ. തമിഴിലെ മഹാകാവ്യമായ ചിലപ്പതികാരത്തിലെ കഥയുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ളത്. കണ്ണകിയുടെ ഭർത്താവായ കോവിലൻ കണ്ണകിയുടെ നിർബന്ധ പ്രകാരം കാൽച്ചിലമ്പു വിൽക്കാൻ കൊണ്ടു പോകുന്ന അവസരത്തിൽ ചിലമ്പ് മോഷ്ടിച്ചതാണെന്ന കാരണം പറഞ്ഞ് പാണ്ടി രാജാവിന്റെ ഭടന്മാർ കോവിലനെ പിടിക്കുകയും പിന്നീട് കോവിലൻ വധിക്കപ്പെടുകയും ചെയ്യുന്നു. ഭർത്താവിന്റെ മരണത്തിൽ കോപിച്ച കണ്ണകി തന്റെ കാൽച്ചിലമ്പ് വലിച്ചെറിഞ്ഞു മധുര നഗരത്തെ ചുട്ടെരിക്കുകയാണ്. പാണ്ടി രാജ്യത്തെ അപ്പാടെ ചുട്ടെരിച്ചു സംഹാര രുദ്രയെപോലെ അവിടെ നിന്നു ചേര രാജ്യത്തിലേക്ക് കടന്ന കണ്ണകി കിള്ളിയാറിൽ എത്തുമ്പോഴാണ് ആറ്റുകാൽ ക്ഷേത്രത്തിന്റെ ആരംഭം.

ആ ഭാഗത്തുള്ള വൃദ്ധനായ ഒരു മനുഷ്യൻ ഒരു കൊച്ചു പെൺകുട്ടിയെ ആറ്റിന്റെ തീരത്തു കാണുകയും ആറ് കടത്തിവിടാനായി ആ കുട്ടി സഹായം അഭ്യർത്ഥിച്ചതിന്റെ ഫലമായിട്ട് ആ കുട്ടിയെ ആറ് കടത്തി വിടുകയും പിന്നീട് ആ വൃദ്ധൻ കുട്ടിയെ തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു വീടുവരെ തന്റെ കൂടെയുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയും ചെയ്തു. രാത്രി സ്വപ്നത്തിൽ ആ കുട്ടി പ്രത്യക്ഷപെട്ടു താൻ ആറ്റുകാലമ്മയാണെന്നും തനിക്കു വസിക്കാൻ ഒരു ക്ഷേത്രം ആവശ്യമാണെന്നും പറയുകയുണ്ടായി. തൊട്ടു സമീപ പ്രദേശത്തു മൂന്നു വരകൾ ഞാൻ വരച്ചിട്ടുണ്ടെന്നും, അതാണ് പറ്റിയ സ്ഥലമെന്നും പറഞ്ഞു. പിറ്റേന്ന് രാവിലെ അവിടെയെത്തിയ വൃദ്ധൻ ആ വരകൾ കാണുകയും ചെയ്യുന്നു. അവിടെയാണ് പിന്നീട് ആറ്റുകാൽ ക്ഷേത്രം പണിതതെന്നും കഥകൾ. ഉത്സവ നാളുകളിൽ തോറ്റം പാട്ടായി ഈ കഥകളൊക്കെ അവതരിപ്പിക്കാറുണ്ട്. കണ്ണകി ചരിത്രവും ഇതുപോലെ പാടാറുണ്ട്.. മഹിഷാസുര മർത്ഥിനിയായ ദേവിയുടെ തൽസ്വരൂപമാണ് ആറ്റുകാലിൽ ഉള്ളത്. കലിയുഗത്തിൽ ദുഷ്ട നിഗ്രഹത്തിനായുള്ള അവതാരമായും വാഴ്ത്തപ്പെടുന്നു. ദുഷ്ട നിഗ്രഹം കഴിഞ്ഞു കോപിഷ്ഠയായ ഭഗവതിയെ പൊങ്കാല അർപ്പിച്ചു പ്രീതി പെടുത്തുന്നു എന്നാണ് വിശ്വാസം. അതായതു പാണ്ടി രാജ്യത്തെ നശിപ്പിച്ചു കഴിഞ്ഞ കണ്ണകിയെ പ്രീതിപ്പെടുത്തുന്ന സമയമായിട്ടാണ് പൊങ്കാല തുടങ്ങുന്നത്. പൊങ്കാലയെ കുറിച്ചുള്ള ഐതീഹ്യവും വിശ്വാസവും സ്ത്രീശക്തിയുടെ വിജയത്തെ പ്രകീർത്തിക്കുന്നു. വയലുകൾ വഴിമാറിയപ്പോൾ പൊങ്കാല നഗര പ്രദേശത്തേക്ക് വളർന്നു. മണക്കാടും കഴിഞ്ഞ് കിഴക്കേ കോട്ട, സ്റ്റാച്യു, കവടിയാർ, പേരൂർക്കട വരെ എത്തി നില്കുന്നു. ഏകദേശം മുപ്പതു ലക്ഷത്തോളം ആൾക്കാരാണ് പൊങ്കാലയ്‌ക്കെത്തുന്നത്. കുംഭ മാസത്തിലെ പൂരം നാളും പൗർണ്ണമിയും കൂടി ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല.

ശ്രീകോവിലിൽ നിന്നു ക്ഷേത്രം തന്ത്രി ദീപം പകർന്നു മേൽശാന്തിക്ക് കൈമാറും. മേൽശാന്തി തിടപ്പള്ളിയുടെ അടുപ്പിലേക്ക് ആദ്യം തീ പകരും. തുടർന്ന് സഹ മേൽശാന്തി ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിൽ തീ കത്തിക്കും. അന്തരീക്ഷത്തിൽ വായ് കുരവയും കതിനവെടികളും കൂടി മുഴങ്ങുമ്പോൾ ഇതോടെ എല്ലാ പൊങ്കാലയടുപ്പുകളിലേക്കും തീ പകരുകയായി. പുതിയ മൺ കലത്തിലാണ് പൊങ്കാലയിടുക. ഇതുകൊണ്ട് അർത്ഥമാക്കുന്നത് പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലം ശരീരമായി സങ്കൽപിച്ചു അതിൽ അരിയാകുന്ന മനസ്സ് തിളച്ചു അതിന്റെ അഹംബോധം നശിക്കുകയും ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നതാണ്. ക്ഷേതത്തിനു മുന്നിലെ അടുപ്പിൽ നിന്നു പകർന്ന തീ ആയതു കൊണ്ടു തന്നെ ദൈവസാന്നിധ്യം എല്ലാ അടുപ്പുകളിലേക്കും എത്തുന്നതായിട്ടും വിശ്വസിക്കുന്നു.വെള്ളച്ചോറ്, വെള്ളപായസം, ശർക്കരപായസം, തെരളി, മണ്ടപ്പുറ്റ് അങ്ങനെ വിവിധ നിവേദ്യങ്ങളാണ്. ഉച്ചയ്ക്കാണ് പൊങ്കാല നിവേദ്യം. ക്ഷേത്രത്തിൽ നിന്ന് നിയോഗിക്കപ്പെടുന്ന ഇരുനൂറ്റി അൻപതിൽ പരം പൂജാരിമാർ പൊങ്കാല തയ്യാറാകുന്ന വിവിധ സ്ഥലങ്ങളിൽ എത്തി തീർത്ഥം തളിച്ച് പൊങ്കാല നിവേദിക്കുന്നു. ഈ സമയം ആകാശത്തു വിമാനത്തിൽ നിന്നും പുഷ്പ വൃഷ്ടി നടക്കും. ഒരാണ്ടിന്റെ പുണ്യം മനസ്സിൽ നിറച്ചു ആറ്റുകാലമ്മയുടെ മുന്നിൽ ആത്മാർപ്പണം നടത്തി യാണ് ഭക്തരുടെ മടക്കം…

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്).

പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്.

അനന്തപുരി യാഗശാലയായി മാറുന്ന ആറ്റുകാൽ പൊങ്കാല നാളിൽ ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ സൗഭാഗ്യം ലഭിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
പാമ്പാടി രാജനാണ് ആറ്റുകാലമ്മയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.

വീടുകളിൽ ആറ്റുകാൽ പൊങ്കാല സമർപ്പിക്കേണ്ടത് എങ്ങനെ?


കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ മൂലം ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി ചുരുക്കിയിരിക്കുകയാണല്ലോ. സ്വന്തം വീടുകളിൽ അടുപ്പുകൂട്ടി അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാം. ആചാരങ്ങളും ചിട്ടവട്ടങ്ങളും പാലിച്ച് വീടുകളിൽ എങ്ങനെ പൊങ്കാല സമർപ്പണം നടത്താമെന്ന് ആറ്റുകാൽ ക്ഷേത്രം മേൽശാന്തി ഈശ്വരൻ നമ്പൂതിരി.

ശുദ്ധമായ സ്ഥലമാണ് അടുപ്പൊരുക്കാനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യം ചാണകം വട്ടത്തിൽ മെഴുകി ഗണപതിക്ക് വിളക്കു വയ്ക്കണം. കിഴക്ക് വശത്തേക്ക് തിരിച്ച് ഇലയിട്ട് അതിൽ നിലവിളക്ക്, സാമ്പ്രാണിത്തിരി, അവിൽ, പൊരി, പഴം, ശർക്കര, തേങ്ങ, വെറ്റ, പാക്ക് എന്നിവ ഉപയോഗിച്ചാണ് ഗണപതിക്ക് വയ്ക്കേണ്ടത്. കിണ്ടിയിലെ ശുദ്ധമായ പാത്രത്തിലോ വെള്ളമെടുത്ത് അതിനുള്ളിൽ തുളസിയിലയോ തെച്ചിപ്പൂവോ ഇടണം. വിളക്കു കത്തിച്ച് പ്രാർഥിച്ച ശേഷം അടുപ്പൊരുക്കണം.

കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകൾക്ക് അഭിമുഖമായി വേണം അടുപ്പുകൂട്ടാൻ. ഗണപതിക്കു വച്ചതിന്റെ ഇടതു വശത്തായിരിക്കണം ഇത്. ശനിയാഴ്ച രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. ഈ സമയത്ത് ഗണപതിക്കു വച്ച വിളക്കിൽ നിന്ന് അഗ്നി പകർന്ന് ഭക്തർ വീടുകളിലൊരുക്കുന്ന അടുപ്പു കത്തിക്കണം.സാധാരണ ദേവിക്ക് നിവേദിക്കുന്ന എല്ലാ വിഭവങ്ങളും വീടുകളിലും തയാറാക്കാം. അടുപ്പിൽ തയാറാക്കുന്ന പൊങ്കാല നിവേദിക്കും. ഈ സമയം കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് ഭക്തർ തയാറാക്കിയ പൊങ്കാല വിഭവങ്ങൾ സ്വയം നിവേദിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അരുവിപ്പുറവും പാണ്ഡവൻപാറയും വില്ലേജ് ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളാക്കും : സി. കെ. ഹരീന്ദ്രൻ എം. എൽ. എ .
Next post യാത്രക്കാർ ശ്രദ്ധിക്കുക കാട്ടാക്കട കോട്ടൂർ പൂവച്ചൽ റോഡ് നവീകരണം