സ്വയം പരിശോധന വ്യക്തമായ കണക്കില്ലാതെ ആരോഗ്യവകുപ്പ്. നിരീക്ഷണ സമിതി ഉണ്ടെങ്കിൽ പരിഹാരം കാണാം.
കാട്ടാക്കട
കോവിഡും ഒമിക്രോണും ഒക്കെ പടരുന്ന സാഹചര്യവും ഒന്നിനൊന്നു എന്ന കണക്കിലേക്ക് ഒക്കെ പോകുന്നുണ്ട് എങ്കിലും ആശുപത്രികളിലും അംഗീകൃത ലാബുകളിലും ഉള്ള പരോശോധനാ ഫലം മാത്രമാണ് കണക്കിലുള്ളത്. സ്വയം പരിശോധകരുടെയും ചികിത്സകരുടെയും ഒന്നും കണക്ക് ഇതിൽപെടില്ല. ആന്റിജൻ പരിശോധന കിറ്റ് ലഭ്യം എന്നതും സ്വയം പരിശോധന നടത്താം എന്നതും കാരണം കൂടുതൽ പേരും 250 രൂപ വരെ മുടക്കിയാൽ ലഭ്യമാകുന്ന കിറ്റ് വാങ്ങി സ്വയം പരിശോധന നടത്തുകയാണ്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ കിറ്റും ആവശ്യമായ മരുന്നും വാങ്ങി ഇവർ വീട്ടിലേക്ക് മടങ്ങും. പോസിറ്റീവ് ഫലം കണ്ടാൽ ആശുപത്രികളിലേക്ക് പോകാതെ സ്വയം ചികിത്സ നടത്തുകയും ചെയ്യുന്ന പ്രവണതയാണ്.അഥവാ പകർച്ച പനിയെങ്കിൽ ആശുപത്രികളിലും ലാബുകളിലും ഉള്ള തിരക്കിൽ പെട്ടു അവിടുന്നു കോവിഡ് പിടിപെടും എന്ന ഭയവും ഇവരെ സ്വയം ചികിത്സയിലേക്ക് നയിക്കുന്നു.മുൻകാലത്തെ പോലെ രോഗം ഗുരുതരമാകുന്നില്ല എന്നതും വീട്ടിലെ ചികിത്സയിൽ സംതൃപ്തരാണ്.എന്നാൽ സ്വയം ചികിത്സ നടത്തി അൽപ്പം ആശ്വാസമായാൽ പുറത്തേക്കിറങ്ങി കറങ്ങുന്നവരുടെ പ്രവണതയും ഉണ്ട് ഇതു ആണ് ആശങ്കയ്ക്ക് ഇട നൽകുന്നത്. ഏഴു ദിവസം എങ്കിലും നിരീക്ഷണം വേണമെന്നത് പലപ്പോഴും പാലിക്കപ്പെടുന്നില്ല.കൂടാതെ വീട്ടിലെ മറ്റു അംഗങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങുന്നുണ്ട്. ഒരു വീട്ടിലെ രോഗാവസ്ഥ അയൽ വീടുകളിൽ ഉള്ളവർ പോലും അറിയുന്നത് ദിവസങ്ങൾക്ക് ശേഷമാകും.കിറ്റ് വാങ്ങി സ്വയം പരിശോധനക്ക് നിയമ തടസം ഇല്ലാത്തത് കൊണ്ട് മറ്റു നടപടികൾ ഒന്നും എടുക്കാൻ കഴിയില്ല. മെഡിക്കൽ സ്റ്റോറുകളിൽ കിറ്റ് വിൽപ്പന നടത്തുമ്പോൾ ഇവ വാങ്ങുന്നവയുടെ രേഖകൾ ശേഖരിക്കാത്തതും കണക്കെടുപ്പിന് തടസമാകുന്നുണ്ട്.
സ്വയം ചികിത്സകർ പോസിറ്റീവ് സ്ഥിരീകരിച്ചു കഴിഞ്ഞു കൃത്യമായ കാലയളവിലുള്ള നിരീക്ഷണം ഉറപ്പു വരുത്തണം.ഇവരുടെ കുടുംബാംഗങ്ങളും ഈ മാനദണ്ഡം പാലിക്കണം.ഇതു ഒരു പൊതു ബോധവത്കരണം നടത്തുകയല്ലാതെ ആരോഗ്യവകുപ്പിന് മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ല.ഞായറാഴ്ച നിയന്ത്രണത്തിനു ഒപ്പം ഇതിനായി വാർഡ് തല സർവേ നടത്തുകയും നാട്ടുകാരെയും സാമൂഹ്യ പ്രവർത്തകർ സംഘടനകൾ ക്ളബ്ബ്കൾ ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവരെ സംഘടിപ്പിച്ചു പ്രത്യേക നിരീക്ഷണ കമ്മിറ്റി രൂപീകരിച്ചു ആവശ്യമായ പ്രവർത്തനം നടത്തുകയും വേണം.