കൊയ്തു മെതിച്ചു പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും .കുത്തരിക്ക് ഇനി ഇവിടെ തുടക്കമാകും
പൂവച്ചൽ
കൊയ്ത് മെതിച്ചും നെല്ലളന്നും രണ്ടര പതിറ്റാണ്ടിനിടെ ആദ്യ കൊയ്ത്തുത്സവം കർഷകരും ജനപ്രതിനിധികളും നാട്ടുകാരും ഒരുമനസായി പോയ കാലം വീണ്ടെടുത്തു. അന്യം നിന്നും പോകുമായിരുന്ന നെൽ കൃഷി വീണ്ടെടുത്ത് ആനാകോട് ഏലായിലെ കൊയ്ത് ഗൃഹാതുരുത്വമുണർത്തുന്നതായി. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ആനാകോട് ഏലായിൽ അഡ്വ. ജി.സ്റ്റീഫൻ എം.എൽ.എ.യാണ് ഞാറ് നട്ടു മുടങ്ങി പോയ നെൽകൃഷിക്ക് തുടക്കം കുറിച്ചത്. കടുത്ത പേമാരിയോടും പൊരുതി കതിരണിഞ്ഞു നാലുമാസത്തിനിപ്പുറം ബുധനാഴ്ച നെൽ കൊയ്ത് ഒരു നാടാകെ ഏറ്റെടുത്തു .
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.സനൽകുമാർ കൈലിയും മുറുക്കി ബനിയനും അണിഞ്ഞു തലേൽക്കെട്ടും കൈയിൽ അരിവാളുമായി പാടത്തേക്കിറങ്ങി.
ഒപ്പം,പഞ്ചായത്ത് അംഗങ്ങളായ,തസ്‌ലീം ,ജിജിത്,രശ്മി, ഓ ശ്രീകുമാരി,ബോബി അലോഷ്യസ്,ഷമീമ, കൃഷി ഉദ്യോഗസ്ഥരായ മനോജ്,പ്രശാന്ത് ,രാധാകൃഷ്ണൻ തുടങ്ങിയവരും കുട്ടികളും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.
ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആണ് ഒരു ഹെക്ടർ പ്രദേശത്ത് നെൽകൃഷി ആരംഭിച്ചത്.കര്ഷകനായ ബിജുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകരെ കൂട്ടിച്ചേർത്തുകൊണ്ട് രൂപീകരിച്ച കർഷക സമിതിക്കായിരുന്നു മേൽനോട്ട ചുമതല.വരും നാളുകളിൽ കൂടുതൽ പ്രദേശത്തേക്ക് കൃഷിയിറക്കുകയും ഇവിടെ നിന്നും കൊയ്തെടുക്കുന്ന നെല്ല് അരിയാക്കി പൂവച്ചൽകുത്തരി എന്ന പേരിൽ വിപണിയിലിറക്കാനുള്ള ആലോചനയുള്ളതായും ഗ്രാമപഞ്ചായത് പ്രസിഡണ്ട് സനൽകുമാർ പറഞ്ഞു.