വിനോദിലൂടെ ഏഴുപേരില്‍ ജീവന്‍ തുടര്‍ന്നും തുടിക്കും ജീവിതവും
തിരുവനന്തപുരം: ഹൃദയം നുറുങ്ങുന്ന വേദനയിലും വിനോദിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സുജാതയ്ക്കും മക്കള്‍ക്കും സമ്മതമായിരുന്നു. കുടുംബനാഥനില്ലാത്ത വീട്ടിലേയ്ക്ക് തിരികെ മടങ്ങുമ്പോള്‍ ഏഴുപേര്‍ക്ക് ജീവിതമേകാന്‍ കഴിഞ്ഞല്ലോയെന്ന സംതൃപ്തിയായിരുന്നു അവര്‍ക്ക്. അതുകൊണ്ടുതന്നെ വിനോദിന്‍റെ കൈകള്‍ മറ്റൊരാള്‍ക്കായി കൊണ്ടുപോകുന്നവേളയില്‍ ഒരുനോക്കുകാണാന്‍ മൂവരും എത്തിയിരുന്നു. നിറഞ്ഞ കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി അവര്‍ ആ കാഴ്ച കാണുകയായിരുന്നു. എന്നാല്‍ മറ്റ് അവയവങ്ങള്‍ കൊണ്ടുപോകുന്നതുകാണാനുള്ള കെല്പില്ലാതെ അവര്‍ പിന്‍വാങ്ങുമ്പോള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
കഴിഞ്ഞ വ്യാഴം പകല്‍ പന്ത്രണ്ടോടെ സ്വകാര്യബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ് വിനോദി(54)ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന വിനോദിന് ചൊവ്വ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിനോദിന്‍റെ ഭാര്യ സുജാതയ്ക്കും മക്കളായ ഗീതുവിനും നീതുവിനും ആ ആകസ്മിക വേര്‍പാട് ഒരിക്കലും ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. എങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനി നടത്തുന്ന അവയവദാനമെന്ന മഹാദാനത്തിലൂടെ വിനോദിന്‍റെ അവയവങ്ങള്‍ മറ്റൊരാളുടെ ജീവിതത്തുടര്‍ച്ചയ്ക്ക് വഴികാട്ടിയാകുമെന്ന് അവര്‍ ആശ്വസിച്ചു. മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്ലാന്‍റ് പ്രൊക്യുവര്‍മെന്‍റ് മാനേജര്‍ ഡോ അനില്‍ സത്യദാസിന്‍റെയും മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിന്‍റെയും ഇടപെടല്‍ അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. തുടര്‍ന്ന് മറ്റൊരാളില്‍ പ്രയോജനപ്പെടുന്ന അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ അവര്‍ സന്നദ്ധരായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ മള്‍ട്ടി ഓര്‍ഗന്‍ റിട്രീവലിന് കളമൊരുങ്ങി. ഹൃദയവും കൈകളും ഉള്‍പ്പെടെ ഏഴുരോഗികള്‍ക്കാണ് വിനോദിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ഹൃദയം ചെന്നൈ എം ജി എം ആശുപത്രിയും കൈകള്‍ എറണാകുളം അമൃതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് മാറ്റിവയ്ക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂറാമത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ആരോഗ്യമന്ത്രി വീണാജോര്‍ജ്, , മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി, ജോയിന്‍റ് ഡി എം ഇ ഡോ തോമസ് മാത്യു, മൃതസഞ്ജീവനി കണ്‍വീനര്‍ കൂടിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറവര്‍ഗീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍ എന്നിവര്‍ അവയവദാനപ്രക്രിയ സുഗമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. മൃതസഞ്ജീവനി പ്രോജക്ട് മാനേജർ എസ് ശരണ്യ, കോ ഓർഡിനേറ്റർമാരായ പി വി അനീഷ്, എസ് എൽ വിനോദ് കുമാർ എന്നിവർ അവയവ വിന്യാസം ഏകോപിപ്പിച്ചു