രാജ്യത്ത് തണ്ടപ്പേരുമായി ആധാറിനെ ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നു മന്ത്രി കെ. രാജന്‍
ഭൂപരിഷ്‌കരണ നിയമം രൂപീകരിക്കപ്പെടുന്നതിന്റെ അമ്പത് വര്‍ഷം പിന്നിടുന്ന ഈ കാലത്ത് സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗത്തിലെത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് റവന്യു -ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍. കാട്ടാക്കട താലൂക്കിലെ വിളപ്പില്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് നടന്നു വരുന്ന ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമ്പോള്‍ മിച്ച ഭൂമി പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവര്‍ക്ക് അവരുടെ തണ്ടപ്പേരില്‍ ഭൂമി നല്‍കാനാകും. തണ്ടപ്പേരുമായി ആധാറിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള യൂണിക്ക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പിലാക്കാന്‍ രണ്ട് മാസം മുന്‍പ് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയം കേരള സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് തണ്ടപ്പേരുമായി ആധാറിനെ ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുള്ളത് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്താണ്. അത് ഈ ഗവണ്‍മെന്റും തുടര്‍ന്നു വരുന്നു. എല്ലാവര്‍ക്കും ഭൂമി എന്നു പറയുമ്പോള്‍ എല്ലാ ഭൂമിക്കും രേഖയും ഉറപ്പാക്കേണ്ടതുണ്ട്.
റീസര്‍വേ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും 99 വില്ലേജുകളില്‍ മാത്രമാണ് ഡിജിറ്റലായി റീസര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളത്. പരമ്പരാഗത രീതിയില്‍ റീസര്‍വേ നടത്തിയ പല സ്ഥലങ്ങളിലും നിരവധി പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായം പ്രയോജനപ്പെടുത്തി നാല് വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ വില്ലേജുകളും സമ്പൂര്‍ണമായി ഡിജിറ്റലായി അളക്കാന്‍ കഴിയുന്ന തലത്തിലേക്ക് മാറ്റുന്നതിന്റെ ഒരു തുടക്കമാണ് ഇപ്പോള്‍ നടത്തി വരുന്നത്. ഇതിനായി 807 കോടി രൂപ റീബില്‍ഡ് കേരള നിര്‍മിതിയില്‍ നീക്കി വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമ്പോള്‍ സ്ഥലങ്ങള്‍ക്കും വീടിനും രേഖകള്‍ ലഭിക്കുന്നതിനൊപ്പം കേരളത്തില്‍ അന്യാധീനപ്പെട്ട പുഴകളും തോടുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന കേന്ദ്രങ്ങളും കൂടി സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
2019-20 പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മിച്ചത്. ഐ. ബി.സതീഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നവ് ജ്യോത് ഖോസ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, വിളപ്പില്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍.ബി ബിജുദാസ്, വിവിധ ജനപ്രതിനിധികള്‍, കാട്ടക്കട തഹസീല്‍ദാര്‍ സജി എസ് കുമാര്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.