മണ്ഡലകാലം ഇനി ശരണം വിളിയുടെ നാളുകൾ
അയ്യപ്പനെ ധ്യാനിച്ചു ഭക്തർ ഇനി ശരണം വിളിച്ചു മലകയറി തുടങ്ങും.വൃശ്ചികം ഒന്നിന് തന്നെ അയ്യപ്പനെ കാണാൻ 41 നാൾ വ്രതം നോറ്റ് മലചവിട്ടുന്ന ഭക്തരും ഉണ്ട്.
വൃശ്ചികം ഒന്നുതുടങ്ങി 41 ദിവസമാണ് മണ്ഡലകാലം ഭഗവാനും ഭക്തനും ഒന്നാണെന്ന ബോധം ഓരോരുത്തരിലും പകരുന്ന ശബരിമല ദർശന പുണ്യം.
അയ്യപ്പനെകുറിച്ചു പറയുമ്പോൾ അയ്യപ്പന്റെ അവതാരകഥയും ഒന്നു അറിയാം.
️അയ്യപ്പന്റെ_അവതാരം,ശബരിമലയും ,ഇരുമുടികെട്ടും,നാല്പത്തിഒന്നു നാൾ വൃതവും
അയ്യപ്പന്റെ അവതാരത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ ഉണ്ട്. പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് അവയിൽ ഏറ്റവും പ്രധാനം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മഹാദേവനെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തുകയും പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു.
ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്നും രാജാവിന്റെ പുത്രമോഹം സഭലമാക്കാൻ പമ്പാ തീരത്ത് കുഞ്ഞിനെ എത്തിച്ചു എന്നുമാണ് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് ശിശുവിനു “മണികണ്ഠൻ“ എന്നു പേരിട്ട രാജാവ് ശിവപാർവതിമാരുടെ അനുഗ്രഹത്തോടെ കുട്ടിയെ രാജകൊട്ടാരത്തിലേക്ക് എടുത്തുകൊണ്ടുപോയി.
ആയോധനകലയിലും വിദ്യകളിലും അഗ്രഗണ്യനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ സ്വന്തം മകനെ യുവരാജാവാക്കുവാനായി രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ രോഗത്തിനു പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ, ലോകോപദ്രവകാരിണിയും പരമദുഷ്ടയുമായ മഹിഷിയെ വധിച്ച് പുലിപ്പുറത്തേറി അയ്യപ്പൻ വിജയശ്രീലാളിതനായി പന്തളദേശത്തു മടങ്ങിയെത്തി. അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.
പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പിക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടികെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.