ജില്ലാ പഞ്ചായത്ത് അംഗംആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം അടിച്ചു തകർത്തു
വെള്ളനാട്: വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്ത് അംഗം അടിച്ചു തകർത്തു. കഴിഞ്ഞ 11-ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്ത ആരോഗ്യ സബ് സെന്ററാണ് ജില്ലാ പഞ്ചായത്ത് അംഗവും വെള്ളനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ വെള്ളനാട് ശശി ചുറ്റികയും കമ്പിപാരയും ഉപയോഗിച്ചു അടിച്ചു തകർത്തത്. ശിലാഫലകത്തിൽ തന്റെ പേരില്ല, ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ശശി ശിലാഫലകം തകർത്തത്.
വെള്ളനാട് ശശി പാഞ്ചായത് പ്രസിഡന്റ് ആയിരുന്ന ഭരണ സമിതിയുടെ കാലത്താണ് ആരോഗ്യ സബ്സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഭരണ സമിതിയുടെ കലാവധി കഴിയാറായപ്പോൾ കെട്ടിടത്തിന്റെ പണി മുക്കാൽ ഭാഗമേ പൂർത്തിയായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സ്ഥാപനം അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് പ്രസിഡൻറിന്റെ നേതൃത്വത്തിൽ ശിലാസ്ഥാപനം നടത്തിയിരുന്നു.ഇത് ഔദ്യോഗികമായിരുന്നില്ല.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചു പുതിയ ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ സബ് സെന്ററിന്റെ പണി പൂർത്തിയാക്കി പ്രവർത്തനോദ്ഘാടനത്തിന്റെപുതിയ ശിലാഫലകം സ്ഥാപിച്ച് ഉദ്ഘാടനവും ചെയ്തു. പണി പൂർത്തിയാക്കാതെ നേരത്തെ സ്ഥാപിച്ച ശിലാഫലകം തറക്കല്ലിടൽ ചടങ്ങിന്റേതാക്കി മാറ്റി. പുതിയ ശിലാഫലകത്തിൽ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പേര് ചേർക്കുകയോ പരിപാടിക്ക് ക്ഷണിക്കുകയോ ചെയ്തില്ല. പ്രചാരണങ്ങളോ മറ്റു പരസ്യങ്ങളോ ഒന്നുമില്ലാതെ വളരെ ലളിതമായി നടത്തിയ ചടങ്ങ് ആയതിനാലാണ് ജില്ലാ പഞ്ചായത്ത് അംഗത്തെ ക്ഷണിക്കാത്തതെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. സബ് സെന്ററിൽ അതിക്രമിച്ചു കയറി ശിലാഫലകം തകർത്ത വെള്ളനാട് ശശിക്കെതിരെ പഞ്ചായത്ത് സെക്രട്ടറി ഹേമലത, കിടങ്ങുമ്മൽ വാർഡ്അംഗം ശോഭൻകുമാർ എന്നിവർ ആര്യനാട് പോലീസിന് പരാതി നൽകി.