കനിവ് 108 ആംബുലൻസിൽ സുഖ പ്രസവം
കനിവ് 108 ആംബുലൻസ് ജീവനക്കാരുടെയും ജെ.പി.എച്ച്.എന്റെയും പരിചരണത്തിൽ ആദിവാസി യുവതിക്ക് സുഖ പ്രസവം. ഇവരുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വയനാട്: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെയും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സിന്റെയും പരിചരണത്തിൽ ആദിവാസി യുവതിക്ക് സുഖ പ്രസവം.
നൂൽപ്പുഴ ഓടപ്പള്ളം നായിക്ക കോളനിയിൽ രാജുവിന്റെ ഭാര്യ സുനിത (26) ആണ് പെൺ കുഞ്ഞിന് ജന്മം നൽകിയത്. സമയം ഒട്ടും പാഴാക്കാതെ യുവതിക്ക് പരിചരണം നല്‍കിയ കനിവ് 108 ആംബുലന്‍സ് ജീവനക്കാരേയും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് കെ.കെ സജിനിയെ
അറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ സജിനി സുനിതയെ ആശുപത്രിയിലേക്ക് മാറ്റാൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എൽദോ കെ.ജി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ ബേബി എന്നിവർ സംഭവ സ്ഥലത്തേക്ക് തിരിച്ചു. കോളനിയിലേക്ക് വാഹനം പോകാത്തതിനാൽ ഒരു കിലോമീറ്ററോളം ആംബുലൻസ് സംഘം നടന്ന് ചെന്ന ശേഷമാണ് സുനിതയുടെ അടുത്ത് എത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ നടത്തിയ പരിശോധനയിൽ സുനിതയുടെ ആരോഗ്യനില വഷളാണെന്ന് മനസിലാക്കിയതിനെ തുടർന്ന് പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 8.45ന് അഖിലിന്റെയും സജിനിയുടെയും പരിചരണത്തിൽ സുനിത കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് അഖിലും സജിനിയും ചേർന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോളനി നിവാസികളുടെ കൂടി സഹായത്തോടെ സ്ട്രെച്ചറിൽ ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും പൈലറ്റ് എൽദോ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഫോട്ടോ: ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ ബേബി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ് സജിനി ആംബുലൻസ് പൈലറ്റ് എൽദോ എന്നിവർ കുഞ്ഞുമായി.