November 7, 2024

കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ ഡി.ജി.പി അഭിവാദ്യം സ്വീകരിച്ചു

Share Now

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ നിയമിതരായ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചടങ്ങില്‍ പരിശീലനവിഭാഗം എ.ഡി.ജി.പി യോഗേഷ് ഗുപ്ത, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എല്‍.ജോണ്‍കുട്ടി, അഡീഷണല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറും എക്സൈസ് വിജിലന്‍സ് എസ്.പിയുമായ മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു.

വിദ്യാലയങ്ങളില്‍ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി അതത് സ്കൂളുകളിലെ അധ്യാപകരെയാണ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി നിയമിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 64 ഹൈസ്കൂള്‍ അധ്യാപകരാണ് പോലീസ് ട്രെയിനിങ് കോളേജില്‍ പത്തു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സത്യപ്രതിജ്ഞ ചെയ്തത്. പാലക്കാട് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ അധ്യാപകന്‍ ടി.യു. അഹമ്മദ് സാബു ആയിരുന്നു പരേഡ് കമാന്‍ഡര്‍. ഇടുക്കി പുന്നയാര്‍ സെന്‍റ് തോമസ് എച്ച്.എസിലെ അധ്യാപികയും മുന്‍ അത്ലറ്റുമായ നൈസി ജോസഫായിരുന്നു പരേഡ് സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍.

എസ്.പി.സിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ട വിവിധ വിഷയങ്ങളില്‍ ഇവര്‍ക്ക് വിദഗ്ധര്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്സ് മേധാവി ഡോ.ബി.സന്ധ്യ, വനംവകുപ്പ് മേധാവി പി.കെ.കേശവന്‍, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി. പി.വിജയന്‍, പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, കവി മധുസൂദനന്‍ നായര്‍, നടന്‍ കരമന സുധീര്‍ എന്നിവര്‍ കമ്മ്യൂണിറ്റി പോലീസിംഗ് ഓഫീസര്‍മാരുമായി പല ദിവസങ്ങളില്‍ സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
Next post കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത ധനസഹായം