November 3, 2024

ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീനിൽ

Share Now

പട്ടിണി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കിൽ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിലാണ് ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. നന്ദൻകോട് ആസ്ഥാനമായുള്ള വായന കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.

കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കിടപ്പ് രോഗികൾക്കുൾപ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നത് പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയുടെ ഭാഗമായി ഒരു യൂണിറ്റിന് 10 ലക്ഷം രൂപയാണ് സഹായമായി സർക്കാർ നൽകുന്നത്. കൂടാതെ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം സുഗമമാക്കുന്നതിനായി സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കൾ സബ്‌സിഡി നിരക്കിൽ നൽകുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യക്കാർക്ക് 20 രൂപ നിരക്കിൽ സുഭിക്ഷ ഹോട്ടലിൽ നിന്ന് ഉച്ചയൂണ് ലഭ്യമാണ്. മറ്റ് സ്പെഷ്യൽ വിഭവങ്ങളും വിലക്കുറവിൽ ലഭിക്കും. ഓരോ ഊണിനും നടത്തിപ്പുകാർക്ക് അഞ്ച് രൂപ സബ്‌സിഡിയായി സർക്കാർ നൽകും.

ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. ഇരുമന്ത്രിമാരും ചേർന്ന് സുഭിക്ഷ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

വാർഡ് കൗൺസിലർ പാളയം രാജൻ, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി.സജിത് ബാബു, എഡിഎം ഇ. മുഹമ്മദ് സഫീർ തുടങ്ങിയവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post സി എച്ച് മുഹമ്മദ് കോയ അനുസ്മരണം 29ന്
Next post അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വി.മുരളീധരൻ