തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ ലഹരി ബോധവത്കരണം തുടങ്ങും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
സമൂഹത്തിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡ്തലത്തിൽ വിമുക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നു എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. വാർഡ്തലത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തിയാൽ ലഹരിയുടെ വിപണന കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ലഹരി വിമോചന ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനിരോധനത്തിലൂടെ മദ്യപാനം അവസാനിപ്പിക്കാമെന്നത് പഴകിയ ധാരണയാണ്. മദ്യവർജ്ജനമാണ് ശാസ്ത്രീയമായ നിലപാട്. മദ്യവർജ്ജനംകൊണ്ട് അർഥമാക്കുന്നത് മദ്യനിരോധനമല്ല; മദ്യം കഴിക്കുന്നവർക്ക് ശാസ്ത്രീയമായ ബോധവത്കരണം നൽകി മദ്യപാന ശീലം കുറച്ചുകൊണ്ടു വരാനും പുതിയ തലമുറയെ ഈ വിപത്തിൽ നിന്നകറ്റി നിർത്താൻ മികച്ച ഇടപെടൽ നടത്തുക എന്നതുമാണ് മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല. സർക്കാരിന്റെ ഈ നയം പിൻപറ്റിക്കൊണ്ട് വിമുക്തി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ഒരു അജണ്ടയായി കണ്ടു കൊണ്ട് എക്സൈസ് വകുപ്പും ആരോഗ്യവകുപ്പും പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ ആൻസലൻ എം എൽ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ. വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ്‌കുമാർ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, എക്സൈസ് കമ്മിണഷർ എസ്. അനന്തകൃഷ്ണൻ, അവയർനെസ് പ്രോഗ്രാം കോഡിനേഷൻ ജോയിന്റ് എക്സൈസ് കമ്മീഷണർ ആർ ഗോപകുമാർ, വിവിധ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.